ഇനി ഒരു മാസം; എക്സ്പോക്ക് ഒരുങ്ങി ദോഹ
text_fieldsദോഹ: ഇനി ഒരു മാസം ശേഷിക്കേ ദോഹ ഹോർട്ടികൾചറൽ എക്സ്ബിഷനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ. ഒക്ടോബർ രണ്ടിനുള്ള ഉദ്ഘാടനത്തിന് എക്സ്പോ സജ്ജമായതായി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗറി അറിയിച്ചു.പവിലിയനുകൾ മുതൽ, അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണങ്ങൾ വരെ പൂർത്തിയാക്കി നേരത്തെ തന്നെ എക്സ്പോ വേദികൾ സജ്ജമാവുന്നതായി അദ്ദേഹം വിശദീകരിച്ചു. ഒക്ടോബർ മുതൽ 2024 മാർച്ച് 28 വരെയായി ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയുടെ സുഗമമായ നടത്തിപ്പിന് 3000ത്തോളം വളന്റിയർമാരുടെ സേവനമാണ് ആവശ്യമായുള്ളത്. വളന്റിയർ അഭിമുഖവും തെരഞ്ഞെടുപ്പും ഉൾപ്പെടെ നടപടികളും പുരോഗമിക്കുന്നു. ഖത്തറിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി വളന്റിയർ അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
വലിയൊരു ശതമാനവും താൽപര്യത്തോടെയാണ് വളന്റിയർഷിപ്പിന് അപേക്ഷ നൽകിയിരിക്കുന്നത്. എക്സ്പോ പോലെയൊരു വമ്പൻ പരിപാടിയുടെ ഭാഗമായി അനുഭവം നേടാൻ ആഗ്രഹിക്കുന്ന കൂടുതൽ പേർക്ക് അവസരം നൽകാൻ ശ്രമിക്കും -അദ്ദേഹം പറഞ്ഞു.ലോകകപ്പ് ഫുട്ബാളിന് വളന്റിയർമാരായവരാണ് എക്സ്പോയുടെ ഭാഗമാവാനും സന്നദ്ധത അറിയിച്ചത്. ഇതിനകം 60,000ത്തിൽപരം അപേക്ഷകളാണ് ലഭിച്ചത്.രജിസ്ട്രേഷൻ ആരംഭിച്ച് നാലു ദിവസംകൊണ്ട് അരലക്ഷം കടന്നതോടെയാണ് അപേക്ഷ നിർത്തിവെച്ചത്.
അൽ ബിദ പാർക്കിലെ 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മേഖലയാണ് എക്സ്പോക്കായി ഒരുക്കിയിരിക്കുന്നത്. 80 രാജ്യങ്ങൾ പങ്കെടുക്കുന്ന മേളയുടെ പവിലിയൻ നിർമാണങ്ങളും ഏറെയും പൂർത്തിയായി. അന്താരാഷ്ട്ര പ്രശസ്തരായ എക്സ്പോ സംഘാടകർ ബി.ഐ.ഇ, ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഹോർടികൾചറൽ പ്രൊഡ്യൂസേഴ്സ് (എ.ഐ.പി.എച്ച്) എന്നിവരുമായി ചേർന്നാണ് ദോഹ എക്സ്പോ സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിന് വിവിധ ലോകനേതാക്കളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടക്കുന്നത്. എന്നാൽ, സെപ്റ്റംബർ പകുതിയോടെതന്നെ അൽ ബിദയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങും. ആറുമാസക്കാലം നീണ്ടുനിൽക്കുന്ന എക്സ്പോയിലൂടെ സന്ദർശകർക്ക് വിവിധ തലങ്ങളിൽ ആസ്വദിക്കാനുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. ആധുനിക കാർഷിക രീതി, സാങ്കേതിക വിദ്യ, പുതിയ കണ്ടെത്തലുകൾ, പരിസ്ഥിതി ബോധവത്കരണം, സുസ്ഥിര മാതൃകകൾ അങ്ങനെ നീണ്ടുനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.