പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ‘വൺ ടൈഡ്’
text_fieldsദോഹ: രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യ നിർമാർജനം എന്ന ലക്ഷ്യവുമായി ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സ്ഥാപിച്ച ‘വൺ ടൈഡ് ഇൻഡസ്ട്രി’ പദ്ധതിയുടെ ഭാഗമായി സംയുക്ത ശിൽപശാല സംഘടിപ്പിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് അൽ തുമാമ സ്റ്റേഡിയത്തിലായിരുന്നു ശിൽപശാല.
2022 ഡിസംബറിൽ ഫിഫ ലോകകപ്പ് കാലയളവിൽ നേടിയ അംഗീകാരങ്ങളും പ്രതിബദ്ധതകളുമായി ഖത്തറിലെ മണ്ണിൽനിന്ന് പ്ലാസ്റ്റിക്കിനെ നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല നടത്തുന്നത്.
മാലിന്യങ്ങളുടെ പുനരുപയോഗം, പുനരുൽപാദിപ്പിക്കാവുന്ന വസ്തുക്കൾ, മാലിന്യം തരംതിരിക്കൽ എന്നിവ സംബന്ധിച്ച് ശിൽപശാലയിൽ ചർച്ച നടന്നു. മികച്ച പ്രവർത്തനങ്ങളുടെ സംഗ്രഹവും ഗ്രൂപ് ശിൽപശാലകളും ഇതോടനുബന്ധിച്ച് പൂർത്തിയാക്കി.
പ്ലാസ്റ്റിക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിനുള്ള നിരവധി പരിഹാരമാർഗങ്ങൾ ഏകദിന ശിൽപശാല മുന്നോട്ടുവെച്ചിരുന്നു.
സുസ്ഥിര ഉപഭോഗവും ഉൽപാദന രീതികളും സ്വീകരിക്കുന്നതിന് പങ്കാളികളെ പ്രോത്സാഹിപ്പിക്കാൻ ഉയർന്ന തലത്തിലുള്ള പദ്ധതിയും സെഷനിൽ അവതരിപ്പിച്ചു. മേഖലയിലുടനീളമുള്ള പരിസ്ഥിതി സംരക്ഷകരും ഗവേഷകരുമായ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുകയാണ് വൺടൈഡ്, എസ്.സി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സുപ്രീം കമ്മിറ്റി സുസ്ഥിരത വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ബദൂർ അൽ മീർ പറഞ്ഞു. സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവും ലക്ഷ്യമിട്ട ഖത്തർ 2022ന്റെ തുടർച്ചയായി പൈതൃക പദ്ധതിയാണിതെന്ന് അവർ പറഞ്ഞു.
നമ്മുടെ രാജ്യം സാക്ഷ്യംവഹിക്കുന്ന നഗര, സാമ്പത്തിക സാമൂഹിക പുരോഗതിയുടെ വെളിച്ചത്തിൽ കാലാവസ്ഥ വ്യതിയാനം ഖത്തറിൽ വരുത്തുന്ന ആഘാതം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയത്തിലെ സുസ്ഥിരത വിഭാഗം തലവൻ എൻജി. മുഹമ്മദ് അൽ ബദർ പറഞ്ഞു.
അന്താരാഷ്ട്ര കടൽതീര സംരക്ഷണ സംഘടനയായ സെവൻ ക്ലീൻ സീസുമായി സഹകരിച്ച് ഖത്തറിലെ ജനങ്ങൾക്കിടയിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ബോധവത്കരണം ലക്ഷ്യമിട്ടാണ് സുപ്രീംകമ്മിറ്റി ‘വൺ ടൈഡ്’ എന്ന കൂട്ടായ്മ സ്ഥാപിച്ചത്. സമൂഹത്തിലെ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഇവർ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.