ആറു രാജ്യങ്ങളിലേക്ക് ഒരു വിസ; ടൂറിസത്തിന് പുത്തനുണർവാകുമെന്ന് പ്രതീക്ഷ
text_fieldsദോഹ: ഷെങ്കൻ മാതൃകയിൽ ജി.സി.സിയിലെ ആറ് രാജ്യങ്ങളിലേക്കുമുള്ള സന്ദർശനത്തിന് ഏകീകൃത ടൂറിസം വിസ എന്ന പദ്ധതിക്ക് ഗൾഫ് ആഭ്യന്തര മന്ത്രിമാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്വദേശികളും പ്രവാസികളും മുതൽ ടൂറിസം വിദഗ്ധർ വരെ. ഒമാനിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച് അംഗീകാരം നൽകിയത്.
2024-25 സീസണോടെ പുതിയ വിസ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ഒരു വിസയിൽ തന്നെ ഖത്തർ, ഒമാൻ, യു.എ.ഇ, സൗദി, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ സഞ്ചരി ക്കാമെന്നതാണ് ഏകീകൃത ജി.സി.സി വിസയുടെ സൗകര്യം. ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരു വിസയിൽ മറ്റു ഗൾഫ് രാജ്യങ്ങൾ കാണാൻ കഴിയുന്നതുപോലെ, വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഒരു വിസയിൽ തന്നെ ആറ് രാജ്യങ്ങളിലേക്കും സന്ദർശനത്തിന് വഴിയൊരുങ്ങും. മേഖലയുടെ ടൂറിസത്തിന് റോക്കറ്റ് വേഗത്തിൽ കുതിപ്പു നൽകുന്നതായിരിക്കും അടുത്ത വർഷം പ്രാവർത്തികമാകുന്ന വിസയെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. സമൂഹ മാധ്യമങ്ങളിലും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാണ്. നിലവിൽ ഓരോ രാജ്യത്തേക്കും വ്യത്യസ്ത വിസകളെടുത്ത് യാത്രാ നടപടികൾ പൂർത്തിയാക്കിയാണ് പ്രവാസികൾക്കിടയിലെ സഞ്ചാര പ്രിയരുടെ യാത്രകൾ നടക്കുന്നത്.
ഒറ്റ വിസയിൽ ആളുകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനത്തിലൂടെ രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യും. നിലവിൽ, ജി.സി.സിയിലെ പൗരന്മാർക്ക് വിസയില്ലാതെ തന്നെ ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും.
അതേസമയം, ജോലി തേടിയെത്തിയ പ്രവാസികൾക്ക് തങ്ങളുടെ രാജ്യം കടന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലെത്താൻ വിസ ആവശ്യമാണ്. അടുത്ത വർഷം മധ്യത്തോടെ ഏകീകൃത ടൂറിസം വിസ പ്രാബല്യത്തിൽ വരുന്നതോടെ തടസ്സങ്ങളേതുമില്ലാതെ ഏത് രാജ്യത്തേക്കും സൗകര്യപ്പെടുന്ന സമയങ്ങളിൽ യാത്രക്കുള്ള വഴികളാണ് തുറക്കുന്നത്.
പ്രധാനമായും മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിന് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ അന്താരാഷ്ട്ര പരിപാടികളും മേളകളുമായി ഉണർന്നുവരുന്ന ടൂറിസം സെക്ടർ ഏകീകൃത വിസ പദ്ധതിയിലൂടെ കൂടുതൽ സജീവമാകും. യൂറോപ്പിലെ 27 രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുള്ള ഷെങ്കൻ വിസ മേഖലയുടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ചതിന്റെ മാതൃകയിലായിരിക്കും ജി.സി.സി ഏകീകൃത വിസയും രംഗത്തെത്തുന്നത്.
എന്ന് പ്രാബല്യത്തിൽ വരും, എത്ര മാസമായിരിക്കും കാലാവധി, ആർക്കെല്ലാം ലഭ്യമാക്കും തുടങ്ങിയ വിശദാംശങ്ങൾ വരുംനാളുകളിൽ പുറത്തുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.