ഓൺലൈൻ പഠനം തുടരും
text_fieldsദോഹ: കോവിഡ് വ്യാപനത്തോത് കുറയാത്ത പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂൾ-കിൻഡർഗാർട്ടൻ ക്ലാസുകൾ ജനുവരി 27 വരെ ഓൺലൈനിൽ തുടരാൻ വിദ്യാഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം തീരുമാനം. ജനുവരി രണ്ട് മുതൽ ഒരാഴ്ചത്തേക്കായിരുന്നു നേരത്തേ നിർദേശിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലും രോഗവ്യാപനം തുടർന്നതിനാൽ ആരോഗ്യ മന്ത്രാലയവും, മറ്റ് ഉന്നത വിഭാഗങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ വിദൂര പഠന സംവിധാനം തുടരാൻ മന്ത്രാലയം നിർദേശിച്ചു. വിദ്യാർഥികളുടെ ഹാജറും എടുക്കില്ല. അതേസമയം, ജീവനക്കാരും അധ്യാപകരും തുടർന്നും സ്കൂളുകളിൽ എത്തണം.
ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയെങ്കിലും സർക്കാർ, സ്വകാര്യ സ്കൂളുകളിൽ നേരത്തേ പ്രഖ്യാപിച്ച സെമസ്റ്റർ പരീക്ഷ മുൻ നിശ്ചയ പ്രകാരം തന്നെ തുടരും. സർക്കാർ സ്കൂളുകളിൽ ജനുവരി 18 മുതൽ 27വരെയാണ് സപ്ലിമെന്റ് ടെസ്റ്റ് ഷെഡ്യൂൾ ചെയ്തത്. സ്വകാര്യ സ്കൂളുകളിലെ പരീക്ഷയും നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കും. എന്നാൽ, കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾ നടത്തേണ്ടത്.
അതേസമയം, ചില പ്രായവിഭാഗങ്ങൾക്ക് ആവശ്യമാണെങ്കിൽ 50 ശതമാനം ശേഷിയിൽ ക്ലാസുകൾ നടത്താൻ അനുവാദം നൽകി. സർക്കാർ സ്കൂളുകളിലെ ഗ്രേഡ് 12, സ്വകാര്യ സ്കൂളുകളിലെ 11, 12 ഗ്രേഡ് ക്ലാസുകൾ, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾ, സ്പെഷ്യലൈസ്ഡ് സ്കൂൾ വിദ്യാർഥികൾ എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മതമാണെങ്കിൽ 50 ശതമാനം ശേഷിയിൽ ക്ലാസുകൾ നടത്താവുന്നതാണ്. കിൻഡർഗാർട്ടനുകളിലും രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ 50 ശതമാനം ശേഷിയിൽ ക്ലാസുകൾ നടത്താൻ അനുവാദമുണ്ട്.
സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള വിദ്യാഭ്യാസ സംവിധാനം തുടരും. സുരക്ഷിതവും ആരോഗ്യകരവുമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് ക്ലാസുകളും പഠനവും ഓൺലൈനിലേക്ക് മാറ്റിയത്. സ്കൂൾ ജീവനക്കാർക്കും 12ന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും ബൂസ്റ്റർ ഡോസ് നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.