സൂക്ഷിച്ചുമാത്രം കൈപ്പറ്റണം, മറ്റുള്ളവരുടെ സാധനങ്ങൾ
text_fieldsദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റുള്ളവരുടെ വസ്തുക്കൾ കൊണ്ടുവരുന്നുണ്ടെങ്കിൽ ഏെറ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കർശനമായി പരിശോധിക്കാതെ ഒരാളുടെയും സാധനങ്ങൾ സ്വീകരിക്കരുത്. നിർബന്ധമായും എന്താണ് വസ്തുക്കളെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇക്കാര്യം ശ്രദ്ധയിലുണ്ടായിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയം തോന്നുന്ന വസ്തുക്കളോ മരുന്നുകളോ ഒരിക്കലും കൊണ്ടുവരരുത്. ചില മരുന്നുകൾ മറ്റുരാജ്യങ്ങളിൽ അനുവദനീയമാണ്. എന്നാൽ, അവ ഖത്തറിൽ നിരോധിച്ചതായിരിക്കാം. അതിനാൽ, മരുന്നുകൾ കൊണ്ടുവരുകയാണെങ്കിൽ അവ ഖത്തറിൽ നിരോധിക്കപ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണം. 'ഡ്രഗ് പ്രിവൻഷൻ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻറിലെ ഉദ്യോഗസ്ഥനായ ലെഫ്. അബ്ദുല്ല ഖാസിമാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. മയക്കുമരുന്നുകളുടെ അപകടവും അതിെൻറ പ്രത്യാഘാതങ്ങളും സംബന്ധിച്ച് സമൂഹത്തിൽ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പും ഡ്രഗ് എൻഫോഴ്സ്മെൻറിലെ ഇൻറർനാഷനൽ സ്റ്റഡീസ് ആൻഡ് അഫയേഴ്സ് വകുപ്പും സംയുക്തമായാണ് വെബിനാർ സംഘടിപ്പിച്ചത്.
മറ്റുള്ളവരുടെ വസ്തുക്കൾ, പ്രത്യേകിച്ചും രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകൾ കൊണ്ടുവരുമ്പോൾ നിർബന്ധമായും പരിശോധിക്കണം. നിരോധിക്കപ്പെട്ട മരുന്നുകൾ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടി വരും. പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ അറിയാതെ കൈപ്പറ്റി ഗൾഫ് രാജ്യങ്ങളിലെത്തി നിരപരാധികൾ കടുത്ത നിയമനപടികളടക്കം നേരിടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ജയിൽശിക്ഷയോ നാടുകടത്തലോ യാത്രാവിലക്ക് അടക്കമുള്ള നടപടികളോ ഇത്തരം കാര്യങ്ങളിൽ ഉണ്ടാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.