ലോകകപ്പ് ടിക്കറ്റ് വിൽക്കാനും വാങ്ങാനും അവസരം
text_fieldsദോഹ: ലോകകപ്പ് മാച്ച് ടിക്കറ്റുകളുടെ റീ സെയിൽ പ്ലാറ്റ്ഫോം ചൊവ്വാഴ്ച പുനരാരംഭിച്ചു. അവസാനഘട്ട ടിക്കറ്റ് വിൽപനക്ക് തുടക്കംകുറിച്ചതിനു പിന്നാലെയാണ് ഫിഫ ടിക്കറ്റ്സ് വഴിയുള്ള പുനർവിൽപന പ്ലാറ്റ്ഫോമും പ്രവർത്തനസജ്ജമായത്. കൈവശമുള്ള ടിക്കറ്റുകൾ വിൽക്കാനും അതേസമയം, ആവശ്യമുള്ള ആരാധകർക്ക് വാങ്ങാനും അനുവദിക്കുന്നതാണ് റീ സെയിൽ പ്ലാറ്റ്ഫോം. നേരത്തേ ആവശ്യത്തിലേറെ ടിക്കറ്റുകൾ കൂട്ടമായി വാങ്ങുകയും എന്നാൽ, ഇപ്പോൾ ഒഴിവാക്കാൻ താൽപര്യപ്പെടുന്നവരുമായി വലിയ വിഭാഗമുണ്ട്.
അതേസമയം, ഇഷ്ട ടീമുകളുടെ മാച്ച് ടിക്കറ്റുകൾക്കായി ഇനിയും അന്വേഷിക്കുന്ന ഒരുപാട് ആരാധകരുമുണ്ട്. അവർക്ക് റീ സെയിൽ പ്ലാറ്റ്ഫോം ഏറെ ഗുണകരമാവുമെന്ന് ഫിഫ ലോകകപ്പ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ റാബിഅ അൽ കുവാരി പറഞ്ഞു. ടൂർണമെന്റ് കഴിയുന്നതുവരെ ടിക്കറ്റിങ് വെബ്സൈറ്റ് ലഭ്യമാവുമെന്നും ആരാധകർക്ക് ഇതുവഴി ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള മാനദണ്ഡങ്ങൾപ്രകാരം തന്നെയാവും റീ സെയിൽ പ്ലാറ്റ്ഫോമിന്റെ സേവനം.
ലോകകപ്പ് മാച്ച് ടിക്കറ്റകൾക്ക് ആദ്യഘട്ടം മുതൽതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ ആവശ്യക്കാർ ഉയർന്നതായി അദ്ദേഹം വിശദീകരിച്ചു. ഇതിനകം 27 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ ഫിഫ ടിക്കറ്റ് പ്ലാറ്റ്ഫോം തുറന്നിരിക്കും. എന്നാൽ, ചില മത്സരങ്ങളുടെ ടിക്കറ്റുകൾ ഇതിനകം പൂർണമായും വിറ്റഴിഞ്ഞു. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ലോകകപ്പ് മത്സരം അടുത്തിരുന്ന് കാണാനും ആസ്വദിക്കാനുമുള്ള സുവർണാവസരമാണ് ലോകകപ്പ്. മാച്ച് ടിക്കറ്റുകൾ സ്വന്തമാക്കി കളി കാണാൻ ഒരുങ്ങാമെന്നും അൽകുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.