അവയവദാനം മഹാദാനം
text_fieldsaദോഹ: അവയവദാനത്തിന് സന്നദ്ധത അറിയിച്ച് രംഗത്തുള്ളവരുടെ എണ്ണംകൊണ്ട് അതിശയിപ്പിച്ച് ഖത്തർ. രാജ്യത്തെ മുതിർന്നവരുടെ ജനസംഖ്യയിൽ 25 ശതമാനം പേർ അവയവദാനത്തിന് രജിസ്റ്റർ ചെയ്തതായി ഖത്തർ ഓർഗൻ ഡോണർ രജിസ്ട്രിയുടെ കണക്കുകൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ 100 രാജ്യങ്ങളിൽനിന്നായി ഇതിനകം 4.63 ലക്ഷം പേർ തങ്ങളുടെ ശരീരം പകുത്തുനൽകാൻ തയാറായിക്കഴിഞ്ഞു. ഖത്തർ ഓർഗൻ ഡൊണേഷൻ സെൻറർ (ഹിബ) ഡയറക്ടർ ഡോ. റിയാദ് ഫാദിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവയവദാന സന്നദ്ധതയിൽ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യംചെയ്യുേമ്പാൾ ഏറ്റവും മുൻനിരയിലാണ് ഖത്തർ. മുതിർന്നവരിൽ 25 ശതമാനവും രജിസ്റ്റർ ചെയ്തു. ഈ മേഖലയിൽ മറ്റെവിടെയുമില്ലാത്ത നേട്ടമാണിത് -അദ്ദേഹം പറഞ്ഞു.
സമീപകാലത്തായി തദ്ദേശീയരും വിദേശികളും ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നു നടത്തിയ പ്രചാരണങ്ങളുടെ ഫലമാണ് ഇതെന്നും ഡോ. റിയാദ് പറഞ്ഞു. 2019ലെ കണക്കുകൾപ്രകാരം, 20 ശതമാനം പേരായിരുന്നു അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. 2019 മേയിൽ 3.45 ലക്ഷം പേരായിരുന്നുവെങ്കിൽ, 2021 ജൂണിൽ 1.07 ലക്ഷംകൂടി അധികം രജിസ്റ്റർ ചെയ്തു. മരണാനന്തരം അവയവദാനത്തിന് തയാറായവരുടെ പട്ടിക അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്.
ഒരു വ്യക്തി മരിക്കുേമ്പാൾതന്നെ അദ്ദേഹം അവയവദാന സന്നദ്ധത അറിയിച്ച ആളാണോ എന്ന് അനായാസം തിരിച്ചറിയാനുള്ള സംവിധാനവുമുണ്ട്. വിദേശിയെന്നോ സ്വദേശിയെന്നോ വേർതിരിവില്ലാതെയാണ് ഖത്തറിൽ അവയവം കാത്തുകഴിയുന്നവരുടെ പട്ടികയും തയാറാക്കുന്നത് -ഡോ. റിയാദ് വ്യക്തമാക്കി.
ഒരു ജീവൻ രക്ഷിക്കുന്ന പ്രവൃത്തിയാണ് അവയവദാനവും. മാറാരോഗം കാരണം ദുരിതമനുഭവിക്കുന്ന വ്യക്തിക്ക്, അവയവം മാറ്റിവെക്കുന്നതിലൂടെ ജീവിതത്തിൽ സമാശ്വാസവും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഒരാൾ ഒരു കിഡ്നിയോ കരളോ ദാനം ചെയ്താലും ആരോഗ്യജീവിതം നയിക്കാനാവും. നിലവിൽ ഖത്തറിൽ കിഡ്നി, കരൾ, ശ്വാസകോശമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നുണ്ട് -ഡോ. റിയാദ് ഫാദിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.