നിറഗാലറി സാക്ഷിയായി; ലോകം സല്യൂട്ടടിച്ചു
text_fieldsദോഹ: സ്വപ്നംപോലും കാണാൻപറ്റാത്ത അംഗീകാരം ഏറ്റുവാങ്ങിയതിെൻറ ത്രില്ലിലാണ് ഇവിടെ ഒരു മലയാളി. ഫിഫ അറബ് കപ്പ് ഫൈനലിൽ 60,000ത്തിലേറെ വരുന്ന കാണികൾ തിങ്ങിനിറഞ്ഞ ഗാലറിയുടെ നടുമുറ്റത്ത് അംഗീകാരം കിട്ടിയതിെൻറ അതിശയത്തിലാണ് മലപ്പുറം പൊന്നാനി പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശിയും ക്യു.പി എന്ന ഖത്തർ പെട്രോളിയത്തിൽ (ഖത്തർ എനർജി) മെഡിക്കൽ ഓഫിസറുമായ ഡോ. റസീം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ലോക ഫുട്ബാളിലെ ഇതിഹാസതാരങ്ങളായ ഡേവിഡ് ബെക്കാമും കഫും ഉൾപ്പെടെയുള്ള വി.വി.ഐ.പി നിരയുടെ സാന്നിധ്യത്തിലായിരുന്നു ഡോ. റസീം ഉൾപ്പെടെ 11 പേരെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും ആദരിച്ചത്. അൽജീരിയയും തുനീഷ്യയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിെൻറ ആദ്യ പകുതിയുടെ ഇടവേളയിൽ സംഭവിച്ച അവിശ്വസനീയ രംഗങ്ങളെ കുറിച്ച് ഡോ. റസീം തന്നെ പറയുന്നു.
'തീർത്തും അപ്രതീക്ഷിതമായിരുന്നു ആ ദിവസത്തിലെ ഓരോ നിമിഷങ്ങളും. ഫിഫ അറബ് കപ്പിെൻറ സുഗമമായ നടത്തിപ്പിന് ആരോഗ്യമേഖല നൽകിയ പിന്തുണക്കുള്ള അംഗീകാരം എന്നനിലയിൽ ഫൈനൽ മത്സരം കാണാനായിരുന്നു ഞങ്ങൾക്ക് ആദ്യം ക്ഷണം ലഭിച്ചത്. ഖത്തർ പെട്രോളിയത്തിെൻറ മെഡിക്കൽ വിങ് പ്രതിനിധിയായാണ് ഞാൻ ആ പട്ടികയിൽ പെടുന്നത്. നവംബർ 26 മുതൽ ആസ്പയറിലെ മീഡിയ സെൻററിലെ ക്ലിനിക്കിലായിരുന്നു എെൻറ ഡ്യൂട്ടി. നവംബർ 17ന് രാത്രിയിൽ ഫൈനൽ മത്സരത്തിന് വി.ഐ.പി ടിക്കറ്റ് ഉണ്ടെന്നായിരുന്നു ആദ്യമെത്തിയ അറിയിപ്പ്. അതുതന്നെ വലിയ സന്തോഷമായി. വൈകീട്ട് ആറ് മണിക്കുള്ള മത്സരത്തിന് നേരത്തെ സ്റ്റേഡിയത്തിലെത്തിയപ്പോൾ ഞങ്ങളെ കാത്തിരുന്നത് വി.വി.ഐ.പി ആതിഥ്യമായിരുന്നു.
വിവിധ വിഭാഗങ്ങളിൽനിന്നായി ആരോഗ്യ മേഖലയിൽ പ്രവർത്തിച്ച 11 പേരായിരുന്നു സംഘത്തിലുള്ളത്. കോർപറേറ്റ് ബോക്സിലിരുന്ന് കളി കണ്ട നിമിഷങ്ങൾ. എന്നാൽ, 45 മിനിറ്റ് കഴിഞ്ഞ് കളി ആദ്യ പകുതിയിലെത്തിയപ്പോഴായിരുന്നു മറ്റൊരു സർപ്രൈസ്. സംഘാടകരെത്തി ഗ്രൗണ്ടിലേക്ക് നയിച്ചപ്പോഴും സംഭവിക്കാൻ പോകുന്നതെന്തെന്ന ആകാംക്ഷയായിരുന്നു. ഒടുവിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയും ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനിയുമെത്തി. അവരിൽനിന്ന് ആരോഗ്യമേഖലക്ക് നൽകിയ സേവനങ്ങളുടെ ആദരവായി മെഡൽ സ്വീകരിച്ചു. ലോകകപ്പിെൻറ മൈതാനിയിൽ ഏറ്റുവാങ്ങിയ ആദരവ് ഏറ്റവും വലിയ അഭിമാനമുഹൂർത്തമായി. ക്യൂ.പിയിലെ എെൻറ എല്ലാ സഹപ്രവർത്തകർക്കുമുള്ള അംഗീകാരമായിരുന്നു അത്' -ഡോ. റസീം പറയുന്നു.
ഡോ. റസീമിനൊപ്പം വിവിധ വിഭാഗങ്ങളിൽനിന്നുള്ള 11 പേരെയാണ് സംഘാടകർ ആദരിച്ചത്. ഇവരിൽ അറബ് വംശജൻ അല്ലാത്ത ഏക വ്യക്തിയും ഡോ. റസീം ആയിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, പൊതുജനാരോഗ്യമന്ത്രാലയം, റെഡ് ക്രസൻറ്, ഖത്തർ ആർമി, ഖത്തർ പെട്രോളിയം തുടങ്ങി 11 വിഭാഗങ്ങളുടെ സംയുക്ത ഏകോപനത്തോടെയായിരുന്നു ഖത്തർ അറബ് കപ്പിനായി വിജയകരമായ ആരോഗ്യസുരക്ഷ ഒരുക്കിയത്. ടൂർണമെൻറ് വേദികൾ, മീഡിയ സെൻറർ, ഹോട്ടലുകൾ, കമാൻഡ് സെൻറർ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി 65 ക്ലിനിക്കുകൾ സുപ്രീം കമ്മിറ്റി തയാറാക്കി. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആംബുലൻസ് തുടങ്ങി വിവിധ വിഭാഗങ്ങൾ ഇവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.
ടൂർണമെൻറിന് നാലു ദിനം മുേമ്പ ഡോ. റസീം ഡ്യൂട്ടിയിലുണ്ടായിരുന്നു. അവസാന ദിവസം വരെ സജീവമായി പ്രവർത്തിച്ചു. ഖത്തർ പെട്രോളിയത്തിെൻറ പ്രൈമറി കെയർ വിഭാഗത്തിൽ മിസൈദിൽ മെഡിക്കൽ ഓഫിസറാണ് ഇദ്ദേഹം. 2008 മുതൽ ക്യൂ.പിയുടെ മെഡിക്കൽ ടീമിൽ അംഗം. കോഴിക്കോട് മെഡിക്കൽ കോളജിൽ 1993 എം.ബി.ബി.എസ് ബാച്ച് അംഗമായ ഇദ്ദേഹം നാട്ടിലും പ്രാക്ടീസ് ചെയ്തശേഷമാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്. ഭാര്യ: നിഷിദ. മക്കൾ: മെഡിക്കൽ വിദ്യാർഥിനിയായ അംന നസ്രിൻ, അഞ്ചാം ക്ലാസുകാരൻ അമീൻ റസീം. അൽ വക്റയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.