ഒളിമ്പിക്സ് വേദിക്ക് ഖത്തർ പ്രാപ്തമെന്ന് പാഡൽ ഫെഡറേഷൻ
text_fieldsദോഹ: ഖത്തറിന്റെ ഒളിമ്പിക്സ് ആതിഥേയത്വ സ്വപ്നങ്ങൾക്ക് പിന്തുണയുമായി അന്താരാഷ്ട്ര പാഡൽ ഫെഡറേഷൻ അധ്യക്ഷൻ ലൂയിജി കരാരോയും. ആഗോള കായിക ചാമ്പ്യൻഷിപ്പുകളും ടൂർണമെന്റുകളും സംഘടിപ്പിക്കുന്നതിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച ഖത്തറിന് 2036ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള പ്രാപ്തിയും വിഭവങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളെ ലുയിജി കരാരോ പ്രശംസിക്കുകയും ചെയ്തു.
ദോഹയിൽ തുടരുന്ന ലോക പാഡൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് അദ്ദേഹം. മേഖലയിൽ പാഡലിനെ വളർത്തിക്കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തറിന്റെ ശ്രമങ്ങളെ പ്രത്യേകിച്ച് ഖത്തർ ടെന്നിസ്, സ്ക്വാഷ്, പാഡൽ, ബാഡ്മിന്റൺ ഫെഡറേഷന്റെ ശ്രമങ്ങളെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
2021ൽ ഖത്തർ ലോക പാഡൽ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത് ഒരു വഴിത്തിരിവായെന്നും, ഈ കായിക ഇനത്തെ കൂടുതൽ പ്രഫഷനലായ ആഗോള ഗെയിമാക്കി മാറ്റുന്നതിൽ ഇത് സഹായിച്ചെന്നും പറഞ്ഞു. ഉടൻ തന്നെ പാഡൽ ഒരു ഒളിമ്പിക് കായിക ഇനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രത്യാശ പ്രകടിപ്പിച്ച കരാരോ, അതിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി എഫ്.ഐ.പിക്ക് ശക്തമായ ബന്ധമുണ്ടെന്നും ഒളിമ്പിക്സിൽ പാഡലിനെ ഉൾപ്പെടുത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ നിറവേറ്റാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.