സംസ്കാരങ്ങൾക്ക് നിറം പകർന്ന് ചിത്രപ്രദർശനം
text_fieldsദോഹ: ഖത്തറിന്റെയും കേരളത്തിന്റെയും നിറങ്ങളും സംസ്കാരവും കലയും കാൻവാസിലേക്ക് പകർത്തിയ പ്രവാസി മലയാളി ചിത്രകാരിയുടെ പ്രദർശനം ശ്രദ്ധേയമായി. ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന നിത ജോളിയാണ് ‘കളറിങ് ദി കൾചറൽ -2’എന്ന പേരിൽ വ്യാഴാഴ്ച ഐ.സി.സി അശോക ഹാളിൽ പ്രദർശനം സംഘടിപ്പിച്ചത്. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രദർശനം ഇന്ത്യൻ അംബാസർ വിപുൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആലപ്പുഴയിൽ നടത്തിയതിന്റെ തുടർച്ചയായാണ് ‘കളറിങ് ദി കൾചർ’സീരീസിന്റെ രണ്ടാം പ്രദർശനം ദോഹയിൽ സംഘടിപ്പിച്ചത്. ഖത്തറിന്റെ തലയെടുപ്പായി നിൽക്കുന്ന ദോഹ സൂഖ് വാഖിഫ്, ഫനാർ പള്ളി, മരുഭൂ കാഴ്ചകൾ മുതൽ കേരളത്തിന്റെ പ്രകൃതിയും കലയും, നാട്ടുഭംഗിയും പക്ഷികളുമെല്ലാം കാൻവാസിൽ ജീവൻ തുടിച്ചുനിൽക്കുന്ന പ്രദർശനത്തിൽ കാഴ്ചക്കാരായി നിരവധി പേരെത്തി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ വരച്ചിട്ട 25ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്. ഉദ്ഘാടന ചടങ്ങിൽ ഐ.സി.സി പ്രസിഡൻറ് എ.പി മണികണ്ഠൻ, മുൻ പ്രസിഡന്റ് പി.എൻ ബാബുരാജൻ, എബ്രഹാം ജോസഫ്, അജ്പാക് പ്രസിഡന്റ് ഷെഫി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.