വേദനകൾ മായ്ച്ച കാൻവാസിൽ പ്രതീക്ഷയുടെ വർണങ്ങൾ
text_fieldsദോഹ: ദേഹമാകെ കാർന്നുതിന്നുന്ന വേദനകൾക്കിടയിൽ വരച്ചുകൂട്ടിയ പെയിന്റിങ്ങുകളുമായി അവർ ഒരുകൂട്ടം പ്രതിഭകൾ ദോഹയിൽ ഒത്തുചേർന്നു. ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലെ ചുമരുകളിൽ തൂക്കിയ കാൻവാസുകളിൽ വിവിധ വർണങ്ങളിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ വെറുമൊരു പെയിന്റിങ്ങുകൾ മാത്രമായിരുന്നില്ല.
അർബുദത്തെയും, അതിന്റെ വേദനകളെയും തോൽപിക്കാനും കരുത്തും പോരാട്ടവീര്യവുമാണ് ഓരോ ചിത്രത്തിലും പ്രതിഫലിക്കുന്നത്. ഖത്തർ വിദേശകാര്യമന്ത്രാലയവുമായി ചേർന്ന് ഖത്തർ മ്യൂസിയവും ഈജിപ്തിലെ കുട്ടികളുടെ കാൻസർ ആശുപത്രിയായ 57357ഉം ചേർന്ന് ഇരു രാജ്യങ്ങൾക്കുമിടയിലെ സാംസ്കാരിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ‘ടുഗെദർ വി ആർ’ എന്ന പ്രദർശനമാണ് മുനഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായ വേറിട്ട കാഴ്ചയൊരുക്കിയത്.
നവംബർ ഒന്ന് മുതൽ ഏഴു വരെ നടന്ന പ്രദർശനത്തിൽ ഈജിപ്തിലെ കാൻസർ ആശുപത്രിയിൽ ചികിത്സ തേടുന്ന അർബുദ ബാധിതരായ കൊച്ചുകലാകാരന്മാരുടെ 26ഓളം രചനകളുടെ പ്രദർശനത്തിന് ഇസ്ലാമിക് ആർട്ട് മ്യൂസിയം വേദിയൊരുക്കി.
ഈജിപ്തിലെയും ഗസ്സയിലെയും കുരുന്നുകളായിരുന്നു കലാകാരന്മാരിലേറെയും. അവരുടെ വേദനകളും, രോഗത്തിനെതിരായ പോരാട്ടവും ജീവിതത്തിലേക്കുള്ള പ്രതീക്ഷകളും സാമൂഹിക സാഹചര്യങ്ങളോടുള്ള സംവാദവുമെല്ലാം ഓരോ കാൻവാസിലും തുടിച്ചുനിന്നു. കുട്ടിപ്രതിഭകളുടെ പ്രദർശനം എന്നതിനൊപ്പം അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള കലയുടെ ഭാഗധേയവും പ്രദർശിപ്പിക്കുകയാണിവിടെ.
ചിൽഡ്രൻസ് കാൻസർ ആശുപത്രിയുടെ ആർട്ട് തെറപ്പിയുടെ ഭാഗം കൂടിയാണ് കുട്ടികളുടെ ഈ എക്സിബിഷൻ. ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽഖാതിർ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക് മ്യൂസിയം ഡയറക്ടർ ശൈഖ അൽ നാസർ, ഈജിപ്ഷ്യൻ അംബാസഡർ അമിർ അൽ ഷെർബിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ മ്യൂസിയത്തിലെത്തി കുരുന്നു പ്രതിഭകളുടെ ചിത്രപ്രദർശനം കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തു.
അർബുദത്തോട് പോരാടി ജീവിക്കുന്ന കുട്ടികൾ അവരുടെ സ്നേഹവും നഷ്ടവും സ്വപ്നങ്ങളുമെല്ലാം പങ്കുവെക്കുന്ന ചിത്രങ്ങൾ എന്ന പ്രത്യേകത ഓരോ കാൻവാസിനുമുണ്ട്. ഫലസ്തീനിയായ ജൗറി മരണപ്പെട്ട തന്റെ സഹോദരിയെയാണ് നീലയും കറുപ്പും നിറത്തിലെ ഷേഡുകളിൽ ചിറകുകൾ വിരിച്ച മാലാഖയായി വരച്ചിട്ടത്. ‘അവൾ ഇപ്പോൾ ഒരു മാലാഖയാണ്. അവിടെയവൾ നന്നായിരിക്കുന്നുണ്ടാവും. എനിക്ക് അവളെ മിസ്ചെയ്യുന്നു’ -സഹോദരിയെ നഷ്ടമായതിന്റെ വേദന പങ്കുവെക്കുകയാണ് ജൗറി.
ചുട്ടുപൊള്ളുന്ന സൂര്യനുകീഴെ ഒലീവ് മരത്തെയാണ് സിറാജ് പകർത്തിയത്. ‘ജ്വലിക്കുന്ന സൂര്യനു കീഴെയും ആ മരം കരുത്തോടെ നിൽക്കുന്നു’ - തന്റെ പ്രതീക്ഷയും പ്രാർഥനയും കൂടി പങ്കുവെക്കുന്ന കാൻവാസിനുനേരെ വിരൽചൂണ്ടി സിറാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.