ഫലസ്തീൻ: 60 മില്യൻ റിയാൽ സമാഹരിക്കാൻ ഖത്തർ റെഡ്ക്രസൻറ് കാമ്പയിൻ
text_fieldsദോഹ: ഫലസ്തീനിനായി 60 മില്യൻ റിയാൽ സമാഹരിക്കാൻ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പദ്ധതി. ഗസ്സ, ഖുദുസ്, വെസ്റ്റ്ബാങ്കിലെ നിരവധി പട്ടണങ്ങൾ തുടങ്ങിയവയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന സ്ഥലങ്ങളിൽ നടത്തുന്ന അടിയന്തരസഹായ പദ്ധതിയുടെ രണ്ടാംഘട്ടമായാണിത്. 5,93,000 ഫലസ്തീനികളാണ് ഇതിെൻറ ഗുണഭോക്താക്കളാകുക. 'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്ന പേരിലാണ് കാമ്പയിൻ.www.qrcs.qa/pal എന്ന ഖത്തർ റെഡ്ക്രസൻറിെൻറ വെബ്സൈറ്റ് സന്ദർശിച്ചാണ് കാമ്പയിനിലേക്ക് സംഭാവന നൽകേണ്ടത്. അല്ലെങ്കിൽ വളൻറിയറിങ് വെബ്സൈറ്റായ https://qrcs.qa/p/ എന്നതും സന്ദർശിക്കാം.മേയ് ഏഴ് മുതൽ 21 വരെയാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം അഴിച്ചുവിട്ടത്.
നിരവധി പേരുടെ മരണത്തിനും പരിക്കിനും താമസകേന്ദ്രങ്ങൾ, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ തുടങ്ങിയവയുടെ തകർച്ചക്കും ബോംബാക്രമണം കാരണമായിരുന്നു. ആദ്യദിനം മുതൽതന്നെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അടിയന്തര മാനുഷികസഹായങ്ങൾ ഉറപ്പുവരുത്താനുള്ള പദ്ധതികൾ ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ചെയ്തിരുന്നു. ഒരു മില്യൻ ഡോളർ ആദ്യഘട്ടത്തിൽ നീക്കിവെച്ചിരുന്നു.
ഇതിലൂടെ 600 ഭക്ഷ്യകിറ്റുകൾ 4000 കുടുംബങ്ങൾക്കായി നൽകി. 60 ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട ജീവൻ രക്ഷാമാർഗങ്ങൾ, ചികിത്സകൾ, ആതുരശുശ്രൂഷാ വഴികൾ എന്നിവ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകി.
ദുരിതബാധിതർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും മാനസികാരോഗ്യസംരക്ഷണത്തിനും പ്രത്യേക പദ്ധതി തയാറാക്കി. ആശുപത്രികളുടെ അടിയന്തര വിഭാഗങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. മെഡിക്കൽ ടെൻറുകൾ, ബെഡുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയും എത്തിച്ചു.
പ്രത്യേകശസ്ത്രക്രിയപദ്ധതി വഴി 106 ശസ്ത്രക്രിയകളാണ് ആക്രമണത്തിെൻറ ഇരകൾക്കായി നടത്തിയിരിക്കുന്നത്. കാർഡിയോവാസ്കുലാർ സർജറി രംഗത്തെ ഏഴ് കൺസൾട്ടൻറ് ഫിസിഷ്യൻമാർ, കാർഡിയോതൊറാസിക് സർജറി, ഓർതോപീഡിക്സ്, യൂറോളജി, അനസ്തറ്റിക് മേഖലയിലെ ഡോക്ടർമാരുമടക്കം ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്. ഖത്തർ റെഡ്ക്രസൻറിെൻറ നിരവധി ജീവനക്കാർ രക്തബാങ്കിലേക്ക് രക്തം നൽകുകയും ചെയ്തു.
'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്ന പേരിലുള്ള കാമ്പയിൻ ഫലസ്തീനികളെ എല്ലാ അർഥത്തിലും സഹായിക്കാനുള്ളതാണെന്ന് ഖത്തർ റെഡ്ക്രസൻറ് പ്രസിഡൻറ് ശൈഖ് അബ്ദുല്ല ബിൻ ഥാമിർ ആൽഥാനി പറഞ്ഞു. ഷെൽട്ടർ, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ കാര്യങ്ങൾക്കായാണ് കാമ്പയിനിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുക. ആരോഗ്യമേഖലയിലും ചില അനുബന്ധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യഭേക്ഷ്യതര വസ്തുക്കൾ നൽകൽ, ആംബുലൻസ് പോലുള്ള അടിയന്തരസേവനങ്ങൾ, ആശുപത്രികളിലെ അനുബന്ധസൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയാണവ. 10 വർഷത്തിലധികമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. നിരവധി പദ്ധതികൾ ഇതിനകം ഗസ്സക്കായി ഒരുക്കിയിട്ടുണ്ട്. ആകെ 110 മില്യൻ ഡോളറിലധികം ചെലവിട്ടുള്ള പദ്ധതികളാണിവ. 15വർഷത്തെ തുടർച്ചയായ ഉപരോധവും ആക്രമണങ്ങളും കാരണം ഗസ്സയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത് ആരോഗ്യമേഖലയുെട വികസനമാണ്.
ഖത്തർ സർക്കാറിെൻറ കീഴിലുള്ള ഗസ്സ പുനർനിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തേ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മറ്റും അടിയന്തര ധനസഹായവിതരണം ആരംഭിച്ചിരുന്നു. ഗസ്സ മുനമ്പിലെ എല്ലാ ഗവർണറേറ്റുകളിലെയും ആളുകൾക്കാണ് ധനസഹായം നൽകുന്നത്. തകർക്കെപ്പട്ട വീടുകളുടെ ഉടമസ്ഥർക്കും സഹായം നൽകുന്നുണ്ട്. ഗസ്സയിലെ അഞ്ചുകേന്ദ്രങ്ങൾ വഴിയാണ് വിതരണം. അഞ്ച് മില്യൻ ഡോളറിെൻറ സഹായ പദ്ധതിഖത്തര് ചാരിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ സാമൂഹികവികസന മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് പദ്ധതി. ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി പ്രത്യേക ധനസമാഹരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റ്, ആപ്, ഖത്തറിലെ വിവിധ ഓഫിസുകള്‍ തുടങ്ങിയവ വഴി സംഭാവനകള്‍ നല്‍കാം. 44667711 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചും സംഭാവന ഏല്‍പ്പിക്കാം. ഗസ്സയിലെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടത്തിനു നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
എന്നാൽ, ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും ഫലസ്തീനുള്ള സഹായം തുടരുമെന്നും ഉടൻതന്നെ റെഡ്ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് ശൈഖ് അബ്ദുല്ല ഥാമിർ ആൽഥാനി പ്രതികരിച്ചിരുന്നു. റെഡ്ക്രസൻറ് കാര്യാലയത്തിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ റെഡ്േക്രാസ് അന്താരാഷ്ട്ര സമിതി ഡയറക്ടർ ജനറൽ റോബർട്ട് മാർഡിനിയയും അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.