ഫലസ്തീൻ: യു.എൻ ഏജൻസിക്കുള്ള പിന്തുണ തുടരുമെന്ന് ഖത്തർ
text_fieldsദോഹ: ഫലസ്തീനിലെ ദുരിതാശ്വാസ, ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ ഫലസ്തീനുള്ള (യു.എൻ.ആർ.ഡബ്ല്യൂ.എ) സഹായം തുടരുമെന്ന് ഉറപ്പുനൽകി ഖത്തർ. ദോഹയിലെത്തിയ യു.എൻ.ആർ.ഡബ്ല്യൂ.എ കമീഷണർ ജനറൽ ഫിലിപ്പി ലാസറിനിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഖത്തറിന്റെ സഹായം തുടരുമെന്ന് ഉറപ്പുനൽകിയത്. വിവിധ രാജ്യങ്ങൾ സഹായം നിർത്തിയതിനെ തുടർന്ന് ഫലസ്തീനിലെ ഏജൻസിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഖത്തറിന്റെ സഹായം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഖത്തറും യു.എൻ ഏജൻസിയും തമ്മിൽ സഹകരണ സാധ്യതകളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ചചെയ്തു.
ഗസ്സയിലെ നിരപരാധികളായ സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങൾ ഉത്തരവാദിത്തം വർധിപ്പിച്ചതായും, യു.എൻ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗസ്സയിലെയും വെസ്റ്റ്ബാങ്ക്, ജോർഡൻ, സിറിയ, ലബനാൻ തുടങ്ങിയ മേഖലകളിലും യു.എൻ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന മാനുഷിക സേവനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഖത്തർ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗസ്സയിൽ സഹായമെത്തിക്കുന്ന പ്രധാന ഏജൻസിക്കുള്ള ധനസഹായം നിർത്തുന്ന ചില രാജ്യങ്ങളുടെ നിലപാട് മേഖലയിൽ കടുത്ത മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.