ഇസ്രായേൽ ആക്രമണത്തിൽ മുറിവേറ്റവർക്ക് സാന്ത്വനവുമായി മന്ത്രിയെത്തി
text_fieldsദോഹ: മനസ്സിനും ശരീരത്തിനുമേറ്റ മുറിവുകളുമായി ഖത്തറിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന പ്രിയപ്പെട്ടവരെ സന്ദർശിച്ച് ആശ്വാസം പകർന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രി ഡോ. മായ് അൽ ഖൈല. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശത്തെ തുടർന്ന് ദോഹയിലെത്തിച്ച് ചികിത്സ നൽകുന്നവരെയാണ് മന്ത്രി സന്ദർശിച്ചത്.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 1500ഓളം പേരെ ഖത്തറിലെത്തിച്ച് ചികിത്സ നൽകുമെന്നാണ് അമീർ അറിയിച്ചത്. സിദ്റ മെഡിസിനിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സാഹചര്യങ്ങളും പരിക്കുകളുടെ സ്വഭാവവും ആശുപത്രി അധികൃതർ ഫലസ്തീൻ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു.
കുട്ടികൾക്കായി ഖത്തർ നൽകുന്ന ചികിത്സ പദ്ധതികൾ, ജീവിത സൗകര്യങ്ങളും സാഹചര്യങ്ങളും എന്നിവയെക്കുറിച്ചും ഡോക്ടർമാരും ആശുപത്രി അധികൃതരും ആരോഗ്യമന്ത്രിക്കായി വിശദീകരിച്ചു. വിദഗ്ധരും പരിചയസമ്പന്നരുമായ ആരോഗ്യ പ്രവർത്തകരും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുമുൾപ്പെടുന്ന മികച്ച ആശുപത്രികളിൽ പരിക്കേറ്റവരെ സ്വീകരിക്കാനും ചികിത്സിക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങളെ ഡോ. മായ് അൽ ഖൈല പ്രശംസിച്ചു.
ഫലസ്തീൻ ആരോഗ്യ സംവിധാനം ഭാഗികമായി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുമായി നടത്തിയ കൂടിക്കാഴ്ച അവർ പരാമർശിച്ചു.
അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളും ചാർട്ടറുകളും ലംഘിച്ചുള്ള ഇസ്രായേൽ അധിനിവേശവും അതിക്രമങ്ങളും അതേത്തുടർന്നുള്ള നാശനഷ്ടങ്ങളും വളരെ വലുതാണെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.ആശുപത്രിക്ക് നേരെ വ്യോമാക്രമണവും കൂട്ടക്കൊല നടത്തിയും ആരോഗ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തും ആരോഗ്യ സംവിധാനത്തെ ഇല്ലാതാക്കിയും ഗസ്സയിലേക്കുള്ള മെഡിക്കൽ, അവശ്യ വസ്തുക്കളുടെ സഹായവിതരണം തടഞ്ഞുമുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ പ്രവർത്തനങ്ങളെ അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.