ഫലസ്തീന് സ്നേഹപൂർവം... ഒരു ജാപ്പനീസ് കലാപ്രദർശനം
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തിൽ പ്രിയപ്പെട്ടവർ ഉൾപ്പെടെ കുടുംബത്തിലെ 55 അംഗങ്ങളെ നഷ്ടമായി ശാരീരികാവശതകൾ നേരിടുന്നവളാണ് ഫലസ്തീനിയായ മുന യെസൻ. ഒരുനാൾ സ്വതന്ത്രമാകുന്ന ഫലസ്തീനെ വീൽചെയറിൽ ഇരുന്ന് തന്റെ കരവിരുതിനാൽ ആവിഷ്കരിക്കുകയാണ് ഈ കലാകാരി.
മുന മാത്രമല്ല, ഒരുപിടി ഫലസ്തീൻ കലാകാരന്മാരും തങ്ങളുടെ പലവിധ സ്വപ്നങ്ങളും കഴിവുകളും കാൻവാസിലും മരങ്ങളിലും കരകൗശലവസ്തുക്കളിലുമായി പകർത്തി സന്ദർശകരെ ആകർഷിച്ചൊരു പ്രദർശനം. ജപ്പാൻ എംബസി പിന്തുണയോടെയായിരുന്നു ഖത്തറിലെ ജാപ്പനീസ് സാംസ്കാരിക കൂട്ടായ്മയായ ‘നകാമ’യാണ് എജുക്കേഷൻ സിറ്റിയിൽ ആർട്ടിസ്റ്റ്സ് ചാരിറ്റി മാർക്കറ്റ് എന്ന പേരിൽ വേറിട്ടൊരു പ്രദർശനം സംഘടിപ്പിച്ചത്.
ടിക്കറ്റ് വിൽപനയിലൂടെയും പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും വിൽപന നടത്തിയും ലഭിക്കുന്ന തുകയിലൊരുഭാഗം ഖത്തർ ചാരിറ്റിയുടെ ‘ഫോർ ഫലസ്തീൻ’ ധനസമാഹരണത്തിലേക്ക് നീക്കിവെക്കുകയായിരുന്നു ലക്ഷ്യം.
എംബ്രോയ്ഡറി വർക്കുകൾ, ബോൾഡ് പെയിന്റിങ്ങുകൾ മുതൽ കരകൗശല വസ്തുക്കൾ വരെയുള്ള കലാപരമായ ആവിഷ്കാരങ്ങളുടെ മികച്ച നിരയൊരുക്കിയ ചാരിറ്റി മാർക്കറ്റിൽ 31 കലാകാരന്മാർ പങ്കെടുത്തു. ഫലസ്തീന് എന്ന രാജ്യത്തെയും ഗസ്സക്കാരുടെ പ്രതിരോധത്തെയും നിശ്ചയദാർഢ്യത്തെയും വിളിച്ചോതുന്നതായിരുന്നു കലാകാരന്മാർ ഒന്നിച്ച ചാരിറ്റി മാർക്കറ്റിലെ ഓരോ സൃഷ്ടികളും. പെയിന്റിങ് സെഷനുകളും ബീഡ് ആഭരണ നിർമാണവുമുൾപ്പെടെയുള്ള ശിൽപശാലകളിലൂടെ സന്ദർശകരെയും സർഗാത്മകതയുടെ വഴിയിലൂടെ നയിച്ചു. വിനോദംകൂടി പകരുന്ന ‘മജ്ലിസ് അശ്ശബാബ്’ സൗജന്യ ബോർഡ് ഗെയിം, പ്രമുഖ ഖത്തരി ഗായികയായ ദാന അൽ മീർ, സാറാ തൈബ് എന്നിവരുടെ സംഗീത പ്രകടനം എന്നിവ നകാമ മാർക്കറ്റിലെത്തിയവർക്ക് ഹൃദ്യമായ അനുഭവമായി. അറബ് മേഖലയിലെ ശ്രദ്ധേയ ഗായികയായി ദാന അൽമീർ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും സന്ദേശമുയർത്തി കാഴ്ചക്കാർക്ക് മുന്നിൽ ചെറുത്തുനിൽപിന്റെ ഗാനങ്ങൾ അവതരിപ്പിച്ചു.
ജാപ്പനീസ് എംബസിയുടെ മേൽനോട്ടത്തിൽ പരമ്പരാഗതവും ആധുനികവുമായ ജാപ്പനീസ് കലകളുടെ പ്രദർശനവും നടന്നു. പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് ആശംസകൾ അറിയിക്കാനും ഖത്തറിലെ ജപ്പാൻ സ്ഥാനപതി സതോഷി മായിദയും നകാമ മാർക്കറ്റിലെത്തിയിരുന്നു. പ്രശസ്ത ഖത്തരി കലാകാരന്മാരായ ഗാദാ അൽ സുവൈദിയും ജാസിം അൽ മുഹന്നദിയും തങ്ങളുടെ കലയോടൊപ്പമുള്ള ജീവിതയാത്ര അനുഭവങ്ങൾ സദസ്സിന് മുന്നിൽ പങ്കുവെച്ചു.
ഗസ്സയിൽ നിന്ന് ഖത്തറിലേക്ക് എത്തിച്ച 100 ഫലസ്തീനികളെയും സംഘാടകർ പരിപാടിയിലേക്ക് ക്ഷണിക്കുകയും വിവിധ സെഷനുകളിലും ശിൽപശാലകളിലും സൗജന്യമായി പങ്കെടുക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. മുന യെസൻ പെയിന്റിങ്, കരകൗശല നിർമാണങ്ങൾ, തുകലിൽ നിർമിച്ച വിവിധ വസ്തുക്കൾ എന്നിവയും പ്രദർശിപ്പിച്ചു. ഫലസ്തീനുവേണ്ടി ഒരുപിടി സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് ഖത്തരി കലാകാരി ഹയ അൽ മുഹന്നദി പറഞ്ഞു.
കേവലം കലാപ്രേമികളുടെ ഒത്തുചേരലിനപ്പുറം ഇസ്രായേലിന്റെ അടിച്ചമർത്തലുകളെ പ്രതിരോധിച്ച് ഫലസ്തീൻ സ്വതന്ത്രമായി നിലനിൽക്കുമെന്ന വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ശക്തമായ ആവിഷ്കാരംകൂടിയായിരുന്നു ‘നകാമ ചാരിറ്റി മാർക്കറ്റെ’ന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.