പത്താം നാൾ മുതൽ പന്തുത്സവം
text_fieldsദോഹ: ദോഹ: വൻകരയുടെ പന്തുത്സവത്തിന് നാളുകളെണ്ണി ഒടുവിൽ അരികിലെത്തി. ഇനി, പത്താം നാൾ കാൽപന്തുമേളയുടെ വിസിൽ മുഴക്കം. ഇന്ത്യ ഉൾപ്പെടെ വിവിധ ടീമുകൾ എത്തിത്തുടങ്ങി. പരിശീലനവും സന്നാഹ മത്സരങ്ങളുമായി തയാറെടുപ്പ് തകൃതിയായി. ഒപ്പം വേദികളും മെട്രോ സ്റ്റേഷനും ബസ് സർവിസുകളും ട്രയൽ റണ്ണുമായി കളിയുത്സവത്തിനും ഒരുങ്ങിക്കഴിഞ്ഞു.
ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തറും ലബനാനും തമ്മിലെ ഗ്രൂപ് മത്സരത്തോടെയാണ് ടൂർണമെന്റിന് കിക്കോഫ് കുറിക്കുന്നത്. രാത്രി ഏഴിനാണ് ഉദ്ഘാടന അങ്കം. അടുത്ത ദിവസം ഇന്ത്യയും ആസ്ട്രേലിയയും ഉൾപ്പെടെ മൂന്ന് മത്സരങ്ങൾ നടക്കുന്നതോടെ കളി മുറുകും.
ഖത്തറിന് വിജയ സന്നാഹം
ദോഹ: ഏഷ്യൻ കപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ആതിഥേയരായ ഖത്തറിന് തകർപ്പൻ ജയം. ടീം ക്യാമ്പ് വേദിയിൽ നടന്ന സൗഹൃദ മത്സരത്തിൽ കംബോഡിയയെ 3-0 സ്കോറിനാണ് ടീം തോൽപിച്ചത്. ഹാട്രിക് ഗോൾ നേട്ടവുമായി അൽ മുഈസ് അലി ടീമിന്റെ പോരാട്ടങ്ങളെ മുന്നിൽനിന്ന് നയിച്ചു. പുതിയ കോച്ച് മാർക്വേസ് ലോപസിന് കീഴിൽ ടീമിന്റെ ആദ്യമത്സരം കൂടിയായിരുന്നു ഇത്. രണ്ടാം സന്നാഹമത്സരത്തിൽ ജനുവരി അഞ്ചിന് ഖത്തർ ജോർദാനെ നേരിടും. ഇതും കഴിഞ്ഞായിരിക്കും ജനുവരി 12ന് ഉദ്ഘാടനമത്സരത്തിൽ ഖത്തർ ലെബനാനെതിരെ ബൂട്ടുകെട്ടുന്നത്.
ഫലസ്തീൻ സംഘം ഇന്നെത്തും
ദോഹ: നീറുന്ന വേദനകളുടെ ഭാരവും ചോരപൊടിയുന്ന ഓർമകളുമായി ഫലസ്തീൻ സംഘം ചൊവ്വാഴ്ച കാൽപന്ത് പോരാട്ട ഭൂമിയിലെത്തുന്നു. സ്വന്തം മണ്ണ് ഇസ്രായേൽ ബോംബിങ്ങിനിടെ ചുടലക്കളമായി മാറുമ്പോൾ, ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പോരിടംകൊണ്ട് മറുപടി പറയാൻ ഒരുങ്ങുകയാണ് ഫലസ്തീന്റെ പോരാളികൾ. ഗ്രൂപ് ‘സി’യിൽ ഇറാനും യു.എ.ഇക്കും ഹോങ്കോങ്ങിനുമൊപ്പം മത്സരിക്കുന്ന ഫലസ്തീൻ അൽജീരിയയിലും സൗദിയിലും പരിശീലനം പൂർത്തിയാക്കിയാണ് ചൊവ്വാഴ്ച ദോഹയിലെത്തുന്നത്. കഴിഞ്ഞ പത്തുദിവസമായി സൗദിയിലെ അബഹയിലായിരുന്നു ടീം ക്യാമ്പ്. ഗോൾകീപ്പർ റാമി ഹമദ, അലാവുദ്ദീൻ ഹസൻ എന്നിവർ കഴിഞ്ഞ ദിവസമാണ് ടീമിനൊപ്പം ചേർന്നത്. പത്തുദിനം മുമ്പ് അൽജീരിയ ഒളിമ്പിക് ടീമിനെതിരെ സന്നാഹമത്സരം കളിച്ചാണ് ഏഷ്യൻ കപ്പിന് സജ്ജമാകുന്നത്.
അതിനിടെ, ഏഷ്യൻ കപ്പിനുള്ള മലേഷ്യൻ ടീം തിങ്കളാഴ്ച ദോഹയിലെത്തി.
മലേഷ്യൻ സംഘം ടീം ബസിൽ താമസസ്ഥലത്തേക്ക് നീങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.