ആഘോഷ പരേഡിൽ ലുസൈൽ
text_fieldsദോഹ: ലോകകപ്പ് ഫൈനലിന്റെ ഓർമയിൽ തിളങ്ങുന്ന ലുസൈലിനെ ആഘോഷത്തിൽ ആറടിച്ച് ദർബ് ലുസൈൽ പരേഡിന് സമാപനം. മൂന്നു ദിവസമായി ബൊളെവാഡ് ഉൾപ്പെടെ തെരുവുകളിൽ ആഘോഷമായി നടന്ന പരേഡിൽ വിവിധ കലാരൂപങ്ങൾ അവതരിച്ചു. മൂന്നു ദിവസത്തോളമായി നീണ്ട പരിപാടിയിൽ ആയിരത്തോളം കാഴ്ചക്കാരാണ് ദിവസവുമെത്തിയത്. ബൊളെവാഡിലെ 1.3 കിലോമീറ്റർ നീളമുള്ള തെരുവിൽ ദിവസവും മൂന്ന് പരേഡാണ് അരങ്ങേറിയത്. വൈകീട്ട് ആറ്, 7.30, 9.30 സമയങ്ങളിലായി നടന്ന പരേഡുകൾ അരമണിക്കൂറോളം നീണ്ടു.
വാദ്യമേളങ്ങളോടെ അണിനിരന്ന കലാകാരന്മാരും പൊയ്കാൽ നൃത്തക്കാരും, വിവിധ വേഷങ്ങളിൽ അവതരിച്ചവരുമായി കഴിഞ്ഞ മൂന്നു ദിനവും ലുസൈലിന് അപൂർവ കാഴ്ചയുടെ വിരുന്നായി. എൽ.ഇ.ഡി ഡാൻസേഴ്സ്, വിവിധ കാർട്ടൂൺ കഥാപാത്രങ്ങളായ മിക്കി മൗസ്, ഹൾക്, സ്പൈഡർമാൻ, ഡൊണാൾഡ് ഡക്ക് തുടങ്ങിയ രൂപങ്ങളിൽ നടന്നുനീങ്ങുന്ന ശിൽപങ്ങൾ എന്നിവ കുട്ടികൾ ഉൾപ്പെടെയുള്ള ആസ്വാദകരെ ആകർഷിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടന്ന പരിപാടിയിൽ വാരാന്ത്യ അവധി ആഘോഷിക്കാനെത്തിയ ആയിരക്കണക്കിനാളുകൾ സാക്ഷിയായി.
അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ശനിയാഴ്ച തുടക്കം കുറിച്ചതോടെ ലുസൈൽ സന്ദർശകരുടെ കേന്ദ്രമായി മാറി. ശനിയാഴ്ച അഞ്ചോടെ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള അതിഥികളും സന്ദർശകരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.