സ്കൂൾ തുറക്കൽ ഇപ്പോൾ വേണ്ട, ഓൺലൈൻ ക്ലാസ് മതിയെന്ന് രക്ഷിതാക്കൾ
text_fieldsദോഹ: സെപ്റ്റംബർ ഒന്നു മുതൽ സ്കൂൾ തുറക്കുന്നതിനോട് 85 ശതമാനം രക്ഷിതാക്കൾക്കും താൽപര്യമില്ലെന്ന് ഒൺലൈൻ സർവേ. 15 ശതമാനം രക്ഷിതാക്കൾ മാത്രമാണ് സ്കൂൾ തുറക്കുന്നതിനോട് യോജിച്ചിരിക്കുന്നത്.'ദി പെനിൻസുല' ദിനപത്രം നടത്തിയ ഒാൺലൈൻ സർവേയിലാണ് രക്ഷിതാക്കൾ സ്കൂൾ തുറക്കുന്നതിനോട് വിയോജിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 34300 പേർ സർവേയിൽ പങ്കെടുത്തു.
വായനക്കാരുടെ അപേക്ഷ പ്രകാരമാണ് തങ്ങൾ സർവേ സംഘടിപ്പിച്ചതെന്ന് പത്രം പറയുന്നു. സെപ്റ്റംബർ ഒന്നു മുതൽ നടപ്പാക്കുന്ന മിശ്ര പാഠ്യപദ്ധതിയുമായി യോജിക്കാനാകില്ലെന്നും കോവിഡ് 19 പൂർണമായും നിയന്ത്രണ വിധേയമാകും വരെ വിദൂര വിദ്യാഭ്യാസം മാത്രം മതിയെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കോവിഡ് 19 നിയന്ത്രണ വിധേയമാകുന്നത് വരെ സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
സെപ്റ്റംബർ ഒന്നു മുതൽ പുതിയ അധ്യായന വർഷം ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.ക്ലാസ് റൂം പഠനവും ഒാൺലൈൻ പഠനവും സമന്വയിപ്പിച്ചുള്ള മിശ്ര പാഠ്യ വ്യവസ്ഥയായിരിക്കും നടപ്പാക്കുകയെന്നും ഇതു പ്രകാരം ഒരു വിദ്യാർഥിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസിലെത്തിയാൽ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
നേരത്തേ നിശ്ചയിച്ചിരുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും പ്രീ സ്കൂളുകൾക്കും ഉന്നത കലാലയങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.മന്ത്രാലയം മുന്നോട്ടുവെച്ച ബ്ലെൻഡഡ് ലേണിങ് സംവിധാനം പ്രയാസകരമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ചില സ്കൂളുകളും രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം രാജ്യത്തെ സ്കൂളുകൾ തുറക്കുന്നത് ഇനിയും നീളാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ചിലപ്പോൾ നിലവിലുള്ള വിദൂര വിദ്യാഭ്യാസ സമ്പ്രദായം തന്നെ തുടരാനും സാധ്യതയുണ്ട്. വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങും മുമ്പ് സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമായിരിക്കും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് രോഗികൾ കൂടാതിരിക്കുക എന്നതിനാണ് പ്രഥമ പരിഗണന. ഇതിനനുസരിച്ചായിരിക്കും സ്കൂൾ തുറക്കുന്നതുമായി ബന്ധെപ്പട്ട കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.രക്ഷിതാക്കളുടെയും വിദ്യാർഥികളുൾപ്പെടെ എല്ലാവരുടെയും ആരോഗ്യത്തിന് മുൻഗണന നൽകും. എല്ലാ സാഹചര്യങ്ങളും പൊതുജനാരോഗ്യ വകുപ്പ് പരിശോധിക്കുകയാണ്. നിർണായകമായ ചിലകാര്യങ്ങൾ കൂടിയുണ്ട്. അത് പൂർത്തിയായാൽ മാത്രമേ അന്തിമതീരുമാനമുണ്ടാകുകയുള്ളൂവെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കിയിരുന്നു.
പഠനം നീട്ടിവെക്കുന്നതിെൻറ സാധ്യതകൾ, വിദൂര വിദ്യാഭ്യാസം തുടരുക, ക്ലാസുകൾ പുനരാരംഭിക്കുക തുടങ്ങിയവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിശകലനം ചെയ്തുവരുകയാണ്. സെപ്റ്റംബർ ആദ്യവാരത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.
രാജ്യത്ത് കോവിഡ് 19 പോസിറ്റിവ് കേസുകളിൽ വർധനയുണ്ടാകാൻ പാടില്ലെന്നത് വളരെ പ്രധാനപ്പെട്ടതാണ്. സാഹചര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 പ്രതിരോധ രംഗത്ത് സ്കൂളുകൾ നടപ്പാക്കുന്ന സുരക്ഷ മുൻകരുതൽ നടപടികൾ സൂക്ഷ്മമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.
സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. അവസാന നിമിഷം വരെ ഇത് സംബന്ധിച്ച പഠനവും പരിശോധനയും തുടരും.അന്തിമ തീരുമാനം സെപ്റ്റംബർ ഒന്നിനു മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബർ ഒന്നുമുതൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ അടക്കമുള്ളവ നിബന്ധനകൾ പാലിച്ച് തുറന്നുപ്രവർത്തിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.