സ്വകാര്യ സ്കൂളുകളിൽ ഫീസ് കൂടുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ
text_fieldsദോഹ: കോവിഡ് സാഹചര്യത്തിലും സ്വകാര്യ സ്കൂളുകളിൽ ഫീസ് കൂടുമെന്ന ആശങ്കയിൽ രക്ഷിതാക്കൾ. ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ സ്കൂളുകളിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതോടെയാണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും സ്കൂൾ ഫീസ് വർധിക്കുമെന്ന ആശങ്കയുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് നിരവധി പേർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഫീസ് വർധനക്കുള്ള നീക്കം അന്യായമാണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ഒൺലൈൻ സംവിധാനത്തിലൂടെ ഫീസ് വർധനക്കായി െഫബ്രുവരിയിൽ അപേക്ഷ നൽകിയതായി സ്വകാര്യ സ്കൂൾ അധികൃതരും പറയുന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടെ പുതിയ ഫീസ് വർധന വരുന്നത് നിരവധി രക്ഷിതാക്കൾക്ക് ഇരുട്ടടിയാകുമെന്നാണ് കരുതപ്പെടുന്നത്.
നിലവിലെ പ്രയാസമേറിയ സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. ഖത്തറിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് ഉയർന്ന നിലയിലാണെന്നും ഇതു കണക്കിലെടുത്താതെയാണ് വിദ്യാഭ്യാസ മന്ത്രാലയം ഫീസ് വർധിപ്പിക്കുന്നതിന് സ്വകാര്യ സ്കൂളുകളിൽനിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്നും ഖത്തരിയായ ഖലീഫ അൽ റുമൈഹി 'ദ പെനിൻസുല' പത്രത്തോട് പറഞ്ഞു.
ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പത്രം വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങൾക്കിടെ ഫീസ് വർധിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ച തീരുമാനം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട് വരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
അധ്യാപകരുടെ ജീവിത സാഹചര്യം ഉയർത്തണം. അവർക്ക് കൃത്യമായ വേതനം ഉറപ്പുവരുത്തുകയും വേണം. ഈ സാഹചര്യത്തിൽ മന്ത്രാലയം സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ഇരുകൂട്ടരുടെയും താൽപര്യങ്ങൾ സംരക്ഷിക്കും വിധത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാകണമെന്നുമാണ് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും പറയുന്നത്. കടുത്ത പ്രതിസന്ധികളിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. ഇത് എല്ലാവരുടെയും സാമ്പത്തിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഈ നിലയിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധന ഇരുട്ടടിയായിരിക്കുമെന്ന് ഇബ്രാഹിം അൽ റുമൈഹി എന്ന രക്ഷിതാവും പറഞ്ഞു.
സാഹചര്യങ്ങൾ പൂർവസ്ഥിതിയിലാകുന്നത് വരെയെങ്കിലും ഫീസ് വർധിപ്പിക്കുന്നതിനുള്ള തീരുമാനം നിർത്തിവെക്കാനും അപേക്ഷകൾ തിരസ്കരിക്കാനും മന്ത്രാലയം തയാറാകണമെന്നുമാണ് ആളുകൾ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ഫീസ് വർധന ഈ വർഷമെങ്കിലും നിർത്തിവെക്കണമെന്നതാണ് ആവശ്യം.
രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ മന്ത്രാലയം മുഖവിലക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ്-19 കാരണം വ്യാപാരമേഖല ഭാഗികമായോ പൂർണമായോ തടസ്സപ്പെട്ട സാഹചര്യത്തിലാണുള്ളത്. തൊഴിലാളികളെ വെട്ടിക്കുറച്ചും വേതനം കുറച്ചും കമ്പനികൾ നിലനിൽപ്പിനായി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കുന്നതിനുള്ള തീരുമാനം അന്യായമാണെന്ന് മറ്റൊരു രക്ഷിതാവായ അബു ഹമദും പറഞ്ഞു.
തീരുമാനം മന്ത്രാലയം പുനഃപരിശോധിക്കണമെന്നും ഫീസ് വർധിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട അപേക്ഷകൾ മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്കൂളുകൾ ഒാൺലൈൻ വിദ്യാഭ്യാസ രീതിയാക്കിയതോടെ അധ്യാപകരെക്കാൾ ജോലി രക്ഷിതാക്കൾക്കായിരിക്കുകയാണ് .ഇക്കാരണത്താൽ ഫീസ് കുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, സ്കൂളുകൾക്ക് നിലനിൽക്കണമെങ്കിൽ ഫീസ് വർധിപ്പിച്ചേ മതിയാകൂവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഫീസ് വർധനയുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ പ്രതികരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.