പാരിസ് ഒളിമ്പിക്സ്; ഖത്തർ തീവ്ര തയാറെടുപ്പിൽ
text_fieldsദോഹ: പാരിസ് ഒളിമ്പിക്സിന് ദിവസങ്ങൾ അടുത്തുവരുന്നതിനിടെ ഖത്തർ തയാറെടുപ്പ് ഊർജിതമാക്കി. കഴിഞ്ഞ ഒളിമ്പിക്സിൽ ഹൈജംപിൽ സ്വർണമെഡൽ നേടിയ മുഅ്തസ് ബർഷിം തന്നെയാണ് ഇത്തവണയും മെഡൽ പ്രതീക്ഷയിൽ മുന്നിൽ. 32കാരനായ ബർഷിമിന് 2028ലെ ഒളിമ്പിക്സിൽ വിജയ പ്രതീക്ഷയോടെ ഇറങ്ങാൻ പ്രായം അനുവദിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ സ്വർണത്തിൽ കുറഞ്ഞതൊന്നും അദ്ദേഹവും രാജ്യവും ലക്ഷ്യം വെക്കുന്നില്ല. ലണ്ടനിലും റിയോയിലും വെള്ളി നേടിയ ബർഷിം കഴിഞ്ഞ ഒളിമ്പിക്സിൽ ഇറ്റാലിയൻ താരം ജിയാൻമാർകോ ടാംബെറിയുമായി സ്വർണം പങ്കിട്ടു. അവസാന റൗണ്ടിൽ ജിയാൻമാർകോ ടാംബെറി പരിക്കേറ്റ് പിന്മാറിയപ്പോൾ ഒറ്റക്ക് സ്വർണം നേടാൻ അവസരമുണ്ടായിട്ടും പിന്മാറി സ്വർണം പങ്കിടാൻ സന്നദ്ധമായത് ഉന്നതമായ മൂല്യത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും പേരിൽ ഏറെ വാഴ്ത്തപ്പെട്ടു. മൂന്ന് തവണ ലോക ചാമ്പ്യനായ ബർഷിമിൽ രാജ്യത്തിന് ഏറെ പ്രതീക്ഷയുണ്ട്.
അദ്ദേഹം മികച്ച ഫോമിലുമാണ്. 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന 2019ലെ ലോക ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവായ അബ്ദുറഹ്മാൻ സാംബ്ര, ബാസിം ഹമീദ, ദൂദൈ അബാകർ എന്നിവരും പ്രതീക്ഷയാണ്. രണ്ടുതവണ ഏഷ്യൻ ചാമ്പ്യനായ മധ്യദൂര ഓട്ടക്കാരൻ അബൂബക്കർ ഹൈദർ അബ്ദല്ല 800 മീറ്ററിൽ പൊരുതുന്നു. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിലെ അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് ഒന്നിനാണ്. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും മത്സരം സ്വാഭാവികമായും കടുപ്പമാകുമെന്നും താരങ്ങൾ ആരോഗ്യത്തോടെ തുടരുന്നതിനാണ് ആദ്യ പരിഗണനയെന്നും മികച്ച ഫലം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ മുഹമ്മദ് ഈസ അൽ ഫദാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.