ക്വാർട്ടറിലേക്ക് ഖത്തർ സ്മാഷ്
text_fieldsദോഹ: ഒളിമ്പിക്സ് ബീച്ച് വോളിയിൽ വിജയക്കുതിപ്പ് തുടർന്ന് ഖത്തറിന്റെ സൂപ്പർ ജോടികളുടെ മുന്നേറ്റം. പ്രീക്വാർട്ടറിൽ ചിലിയൻ വെല്ലുവിളിയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയ ഷെരീഫ് യൂനുസ്-അഹമ്മദ് തിജാൻ സഖ്യം ഒളിമ്പിക്സ് അങ്കത്തിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഈഫൽ ടവർ കോർട്ടിൽ നടന്ന മത്സരത്തിൽ ചിലിയുടെ മാർകോ-എസ്തബൻ ഗ്രിമാൾത് സഹോദരങ്ങളെ 21-14, 21-13 സ്കോറിന് അനായാസമാണ് വീഴ്ത്തിയത്. ബുധനാഴ്ച ക്വാർട്ടർ ഫൈനലിൽ അമേരിക്കയുടെ മിൽസ് പാർട്ടൻ, ആൻഡി ബെനിഷ് സഖ്യത്തെ നേരിടും.
ഈഫൽ ടവറിനരികിൽ നടന്ന മത്സരത്തിൽ നിറഗാലറിയുടെ ആവേശത്തിലായിരുന്നു മത്സരം. ഖത്തറിന്റെ ദേശീയ പതാകയുമായി ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയും പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖിലൈഫിയും ഉൾപ്പെടെ പ്രമുഖരെത്തി. ഇവർക്കിടയിലേക്ക് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോകൂടി എത്തിയതോടെ ആവേശം വാനോളമുയർന്നു. സെമിയിലെത്തിയാൽ ഖത്തറിന് പാരിസിൽ ഒരു മെഡൽ ഉറപ്പിക്കാം. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ സഖ്യത്തെ 2-0ത്തിന് തോൽപിച്ചാണ് അമേരിക്കൻ കൂട്ട് ക്വാർട്ടറിലേക്ക് മുന്നേറിയത്.
ഒളിമ്പിക്സ് വോളിയിലെ യുവസംഘമായ അമേരിക്കൻ ടീം ടോക്യോ ഒളിമ്പിക്സിൽ വെള്ളി നേടിയ ഇറ്റാലിയൻ സംഘത്തെയാണ് നേരിട്ടുള്ള സെറ്റിന് വീഴ്ത്തിയത്. മുൻ പാൻ അമേരിക്കൻ, സൗത്ത് അമേരിക്കൻ ജേതാക്കളായ ചിലിയൻ സഖ്യത്തെ 38 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ഷെരീഫ് യൂനുസ്-തിജാൻ സഖ്യം വീഴ്ത്തിയത്. പൂൾ മത്സരങ്ങളിൽ മിന്നും ജയത്തോടെ കുതിച്ച ഖത്തർ കൂട്ടിന് പ്രീക്വാർട്ടറിലേക്ക് തിളക്കം കൂടിയ വിജയമായി മാറി.
ക്വാർട്ടർ ഫൈനലിൽ യുവനിരക്കെതിരെ കൂടുതൽ ഊർജം ആവശ്യമായ പോരാട്ടമാവും ഖത്തർ ജോടിയെ കാത്തിരിക്കുന്നത്. ബ്രസീൽ-സ്വീഡൻ, ജർമനി-നെതർലൻഡ്സ്, സ്പെയിൻ-നോർവേ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ച മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.