മെട്രോകളിൽ 'പാർക്ക് ആൻഡ് റൈഡ്'
text_fieldsദോഹ: രാജ്യത്തെ നാല് മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് യാത്രക്കാർക്ക് പാർക്ക് ആന്‍റ് റൈഡ് സൗകര്യം ഒരുക്കിയതായി ഗതാഗത മന്ത്രാലയം. ദോഹ മെട്രോക്ക് കീഴിലെ ലുസൈല്‍, എജുക്കേഷന്‍ സിറ്റി, അല്‍ വക്റ, അല്‍ ഖസ്സര്‍ എന്നീ നാലു സ്റ്റേഷനുകളോട് ചേർന്നാണ് യാത്രസൗകര്യം എളുപ്പമാക്കുന്ന പാർക്ക് ആൻഡ് റൈഡ് ആരംഭിച്ചത്. പൊതുജനങ്ങൾ, ലോകകപ്പിനെത്തുന്ന കാണികൾ, സന്ദർശകർ എന്നിവരുടെ യാത്ര സൗകര്യങ്ങൾക്കുവേണ്ടിയാണ് പുതിയ നീക്കം. നാലു മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം യാത്രക്കാര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പാർക്ക് ചെയ്തുകൊണ്ട്, മെട്രോ വഴി ലക്ഷ്യ സ്ഥാനെത്തത്താൻ കഴിയും. സൗജന്യമായിതന്നെ വാഹനം പാർക്ക് ചെയ്യുന്നതാണ് സംവിധാനം. അത്യാധുനിക പാർക്കിങ് സംവിധാനം ഒരുക്കി, മെട്രോ ട്രെയിൻ പോലെയുള്ള പുതുമയേറിയ യാത്ര സംവിധാനത്തിലൂടെ എല്ലാവർക്കും യാത്ര സുഖകരമാക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്‍റെ ഭാഗമായാണ് പദ്ധതി. രാജ്യത്തെ പൊതുഗതാഗത മേഖല സജീവമാക്കുകയും, ഗതാഗത തടസ്സം കുറച്ച് അതുവഴി കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ലോകകപ്പ് ഉൾപ്പെടെ വലിയ മേളകൾ മുന്നിൽ നിൽക്കെ നിരത്തുകളിൽനിന്നും വാഹനപ്പെരുക്കം ഒഴിവാക്കാനും പാർക്ക് ആന്‍ഡ് റൈഡ് സംവിധാനം സഹായകമാവും. ആധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമയവും ചെലവും ലാഭിക്കുന്നതിനും ഇതു ലക്ഷ്യമിടുന്നു. അശ്ഗാലുയുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കുന്ന പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ ബസ് ഡിപ്പോകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.