ഒളിമ്പിക് സൈക്ലിങ് ട്രാക്കിൽ പാർക്കിങ്ങും വിശ്രമവും സജ്ജം
text_fieldsദോഹ: അൽഖോർ റോഡിന് സമാന്തരമായി നിർമിച്ച ഒളിമ്പിക് സൈക്ലിങ് ട്രാക്കിലെ പാർക്കിങ് സ്ലോട്ടുകളുടെയും വിശ്രമ കേന്ദ്രത്തിെൻറയും നിർമാണം പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ പൂർത്തിയാക്കി. ഒളിമ്പിക് സൈക്ലിങ് ട്രാക്ക് ആരംഭിക്കുന്ന ഗോൾഫ് സിഗ്നലിനടുത്താണ് വിശ്രമ കേന്ദ്രം (റെസ്റ്റ് ലോഞ്ച്) സ്ഥാപിച്ചിരിക്കുന്നത്. 36,800 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പാർക്കിങ് സൈക്കിൾ സർവിസ്-മെയിൻറനൻസ് കിയോസ്ക്കുകൾ, ഫിറ്റ്നസ് ഏരിയ, മസ്ജിദ്, വാഷ് റൂമുകൾ എന്നിവ ഉൾപ്പെടെയാണ് ലോഞ്ച് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ 13,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വിശാലമായ ഗ്രീൻ ഏരിയയും അധികൃതർ തയാറാക്കിയിട്ടുണ്ട്.
സൈക്കിളുകൾ വാടകക്ക് നൽകാനും വിൽപന നടത്തുന്നതിനും അറ്റകുറ്റപണികൾക്കുമായുള്ള ഷോപ്പ് ഉൾപ്പെടുന്നതാണ് കിയോസ്കുകൾ. റെസ്റ്റാറൻറുകൾ, കഫറ്റീരിയ, സൂപ്പർമാർക്കറ്റുകൾ എന്നിവയും ഇവിടെ സ്ഥാപിക്കും. സൈക്കിളുകളും കാറുകളും പാർക്ക് ചെയ്യുന്നതിനും വിശ്രമിക്കുന്നതിനുള്ള ബെഞ്ചുകളും പ്രാർഥന മുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആകെ 167 കാർ പാർക്കിങ് സ്ലോട്ടുകളും 57 സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങളും 15 ഉപകരണങ്ങളോട് കൂടിയുള്ള ഫിറ്റ്നസ് ഏരിയയുമാണ് ഇവിടെയുള്ളത്. 150 പേർക്ക് ഒരേ സമയം പ്രാർഥന നിർവഹിക്കാൻ സൗകര്യമുള്ള പള്ളിയാണ് നിർമിച്ചിരിക്കുന്നത്. 197 മരങ്ങളാണ് ഹരിതാഭ മേഖലയിൽ നട്ടുവളർത്തിയിരിക്കുന്നത്. 24 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 10 അധിക കിയോസ്കുകൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.