പാർക്കും ഹരിത ഇടങ്ങളും വർധിപ്പിക്കും -മന്ത്രി
text_fieldsമുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ
ദോഹ: രാജ്യത്തെ പാർക്കുകളും പൊതു ഇടങ്ങളും വിപുലീകരിച്ച് ഹരിത ഇടങ്ങളുടെ വിസ്തൃതിയിൽ 23 ശതമാനം വർധന ഉണ്ടാക്കാൻ കഴിഞ്ഞതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 2024 വാർഷിക നേട്ട റിപ്പോർട്ട് പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പച്ചപ്പുകളുടെ വികസനം, നഗരാസൂത്രണം, കാർഷിക-ഭക്ഷ്യ സുരക്ഷാ മേഖല തുടങ്ങിയവയിലെ ഖത്തറിന്റെ കുതിപ്പ് മന്ത്രി വിശദീകരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിവിധ മേഖലകളിൽ മന്ത്രാലയം കൈവരിച്ച പുരോഗതികൾ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പാർക്കുകളുടെ എണ്ണം വരും വർഷങ്ങളിൽ വർധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവിൽ പാർക്കും കോർണിഷുകളും പൊതു ഇടങ്ങളും ഉൾപ്പെടെ 151 ഹരിത കേന്ദ്രങ്ങളാണുള്ളത്. ഇത് ഈ വർഷം 160ലെത്തിക്കുമെന്ന് പബ്ലിക് പാർക്ക് വിഭാഗം അടുത്തിടെ അറിയിച്ചിരുന്നു.
മന്ത്രാലയം അന്താരാഷ്ട്ര, പ്രാദേശികതലങ്ങളിൽ നിരവധി പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചതായി മന്ത്രി വാർഷിക റിപ്പോർട്ടിൽ സൂചിപ്പിച്ചു. സേവനങ്ങളിലും ഡിജിറ്റലൈസേഷനിലും മികവ് കൈവരിക്കുക, ഭക്ഷ്യസുരക്ഷ വർധിപ്പിക്കുക, ജീവിത നിലവാരം ഉയർത്തുക, നഗരങ്ങളെ കൂടുതൽ മാനുഷികമാക്കുക എന്നീ മൂന്ന് ഘടകങ്ങളിൽ ഊന്നിയാണ് മന്ത്രാലയത്തിന്റെ പുതിയ നയമെന്നും മന്ത്രി വ്യക്തമാക്കി.
സേവനങ്ങൾ വേഗത്തിലാക്കുന്നതിനും വിവിധ മേഖലകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന 400ലധികം സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തിയാക്കാൻ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുമെന്നും മുനിസിപ്പാലിറ്റി മന്ത്രി പറഞ്ഞു.
രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കുന്നതിന് പൊതു സൗകര്യങ്ങളും ബീച്ചുകളും വികസിപ്പിക്കും. ഹരിത ഇടങ്ങളും പാർക്കുകളും വർധിപ്പിക്കുന്നതിനും വിശാലമാക്കുന്നതിനും മന്ത്രാലയം പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ ദേശീയ വികസന നയങ്ങൾക്ക് അനുസൃതമായി 2024-2030 കാലയളവിലേക്കുള്ള നയങ്ങൾ തയാറാക്കുകയും നടപ്പിലാക്കാൻ ആരംഭിച്ചതും കഴിഞ്ഞ വർഷത്തെ പ്രധാന നേട്ടങ്ങളിലുൾപ്പെടുന്നു. ഖത്തർ ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിന് സമാരംഭം കുറിച്ചതും ഈന്തപ്പന കൃഷിയിൽ നിർമിതബുദ്ധി സാങ്കേതികവിദ്യ വഴി നൂതന പദ്ധതി ആരംഭിച്ചതും മന്ത്രാലയത്തിന്റെ നേട്ടങ്ങളാണ്.
പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ മാലിന്യ സംസ്കരണത്തിൽ സ്വകാര്യ മേഖലയെ സംയോജിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തമാക്കുന്നതിനും മന്ത്രാലയം പ്രവർത്തിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുനരുപയോഗ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി 50 സ്ഥലങ്ങൾ അനുവദിച്ചതും ജൈവകൃഷി വ്യാപിപ്പിക്കുന്നതിൽ നൂറുമേനി കൈവരിക്കാൻ കഴിഞ്ഞതും ശ്രദ്ധേയ പ്രവർത്തനങ്ങളായി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.