വിമാനയാത്രികർ ഒഴുകിയ ജൂൺ
text_fieldsദോഹ: ഖത്തറിലേക്കുള്ള വിമാനയാത്രികരുടെ എണ്ണം മുൻവർഷത്തേക്കാൾ ഇക്കഴിഞ്ഞ ജൂണിൽ 20 ശതമാനത്തിലേറെ വർധിച്ചതായി റിപ്പോർട്ട്. ഖത്തർ സിവിൽ ഏവിയേഷൻ വിഭാഗം പുറത്തുവിട്ട പുതിയ കണക്കിലാണ് 2022 ജൂൺ മാസത്തേക്കാൾ ഈ വർഷം ജൂണിൽ യാത്രക്കാരുടെ എണ്ണം വർധിച്ചുവെന്ന് വ്യക്തമാക്കുന്നത്.
20.3 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം ജൂണിൽ 31,05,978 പേരായിരുന്നു വിമാനമാർഗം ഖത്തറിലെത്തിയതെങ്കിൽ ഈ വർഷം അത് ആറു ലക്ഷത്തിലേറെ വർധിച്ച് 37,37,572 ആയി ഉയർന്നു. ഹമദ് വിമാനത്താവളം, ദോഹ വിമാനത്താവളം വഴി രാജ്യത്ത് പ്രവേശിച്ചവരുടെ കണക്കാണ് സിവിൽ ഏവിയേഷൻ വിഭാഗം പുറത്തുവിട്ടത്. വിമാനങ്ങളുടെ വരവിലും കാര്യമായ വർധനയുണ്ടായി. മുൻ വർഷം ജൂണിലേതിനേക്കാൾ 15.1 ശതമാനം കൂടിയെന്നാണ് കണക്ക്.
ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായിരുന്നു 2022 ജൂൺ എങ്കിൽ, ഇത്തവണ വിവിധ മാർഗങ്ങളിലൂടെ സന്ദർശകരെ സ്വാഗതംചെയ്യുകയാണ് ഖത്തർ. അതിൽ ഏറ്റവും പ്രധാനമാണ് ഹയാ സന്ദർശക വിസകളും ഹയാ ടൂറിസ്റ്റ് വിസകളും. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഖത്തറിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണുണ്ടായതെന്ന് ഖത്തർ ടൂറിസം ജൂലൈ ആദ്യവാരം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ആറു മാസത്തിനിടെ 20 ലക്ഷത്തിലേറെ പേർ രാജ്യത്ത് എത്തിയെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തിനിടയിലെ വലിയ സന്ദർശകപ്രവാഹം കൂടിയായിരുന്നു ഇത്. ഈ വർഷം പിന്നിട്ട എല്ലാ മാസങ്ങളിലും മുൻ വർഷത്തേക്കാളും ഇരട്ടിയോളമായിരുന്നു യാത്രക്കാരുടെ എണ്ണത്തിലെ വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.