യാത്രക്കാർ 70ലക്ഷം കടന്നേക്കും
text_fieldsദോഹ: ലോകകപ്പിന് വേദിയാവുന്ന നവംബർ -ഡിസംബർ മാസങ്ങളിൽ ദോഹ വിമാനത്താവളങ്ങൾ വഴി 70 ലക്ഷത്തിനു മുകളിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ഖത്തർ സിവിൽ വ്യോമയാന വിഭാഗത്തിന്റെ എയർ ട്രാൻസ്പോർട്ട് വിഭാഗം റിപ്പോർട്ട്. ഖത്തറിലെത്തുന്നവരും രാജ്യത്തിന് പുറത്തേക്കുപോകുന്നവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെയാണ് എഴുപത് ലക്ഷം കണക്കാക്കുന്നത്.
ലോകകപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുന്ന നവംബർ 21നും ഫൈനൽ നടക്കുന്ന ഡിസംബർ 18നും ഇടയിൽ ദോഹയിൽ 28,000 വിമാനങ്ങളും എത്തുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം, ദോഹ വിമാനത്താവളം എന്നിവ വഴിയുള്ള കണക്കാണ് പുറത്തുവിട്ടത്. ലോകകപ്പ് കാലത്ത് ഷെഡ്യൂൾഡ് യാത്രാ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ദോഹയിലേക്ക് വിമാനങ്ങൾ നിരനിരയായി പറന്നിറങ്ങും. കോവിഡിന് മുമ്പ് 2019ൽ ഇതേ കാലയളവിൽ രാജ്യത്തേക്ക് യാത്രചെയ്തതിനേക്കാൾ 11 ശതമാനത്തോളം അധികമായിരിക്കും ലോകകപ്പ് കാലത്തെ രാജ്യത്തേക്കുള്ള സഞ്ചാരം. നവംബറിൽ 35 ലക്ഷം മുതൽ 41 ലക്ഷം വരെയും ഡിസംബറിൽ 36 ലക്ഷം മുതൽ 47 ലക്ഷം വരെയുമാണ് വിവിധ മാർഗങ്ങളിലുള്ള യാത്രക്കാരുടെ സഞ്ചാരത്തെ കണക്കാക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ കാരണം യാത്ര ഏറെ സങ്കീർണമായ 2021നേക്കാൾ 90 ശതമാനം മുതൽ 105 ശതമാനംവരെ അധികമായിരിക്കും 2022ൽ ദോഹവഴിയുള്ള സഞ്ചാരികളുടെ എണ്ണം. വർഷത്തിലെ ആകെ യാത്രക്കാരുടെ എണ്ണം 34 ദശലക്ഷമായും സിവിൽ ഏവിയേഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രോഗവ്യാപനം കുറയുകയും വാക്സിനേഷൻ പൂർണമാവുകയും കൂടുതൽ രാജ്യങ്ങൾ യാത്രാ നിയന്ത്രണം ഒഴിവാക്കുകയുംചെയ്ത പശ്ചാത്തലം സഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടി വർധനവിന് കാരണമായി അടയാളപ്പെടുത്തുന്നു. വിമാനയാത്രയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിച്ചതും 25 ശതമാനത്തോളം രാജ്യങ്ങൾ കോവിഡ് യാത്രാനിയന്ത്രണങ്ങൾ പൂർണമായി നീക്കംചെയ്തതും സഞ്ചാരികൾക്ക് ഗുണകരമാവും.
ലോകകപ്പ് മത്സരങ്ങൾക്ക് കാണികൾക്കുള്ള യാത്രക്കായി ചാർട്ടർ വിമാനങ്ങൾ, ഷട്ട്ൽ ൈഫ്ലറ്റ് സർവിസ് എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഖത്തർ എയർവേസുമായി സഹകരിച്ച് ദോഹയിലേക്ക് ഷട്ട്ൽ സർവിസ് നേരേത്ത പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.