കറൻസിയും വിലപിടിപ്പുള്ള വസ്തുക്കളും യാത്രക്കാർ വിവരങ്ങൾ നൽകണം -ക്യൂ.സി.എ.എ
text_fieldsദോഹ: ഖത്തറിലേക്കു വരുന്നവരും രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവരും കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച് വെളിപ്പെടുത്തണമെന്ന് നിർദേശവുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി.
50,000 റിയാലിൽ അധികം കറൻസിയോ അല്ലെങ്കിൽ തത്തുല്യമായ വിദേശ കറൻസിയോ, സ്വർണം, വജ്രം ഉൾപ്പെടെയുള്ള ലോഹങ്ങൾ, വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ എന്നിവ കൈവശംവെക്കുമ്പോൾ ഇതു സംബന്ധിച്ച് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചു നൽകണമെന്നാണ് നിർദേശം.
ഈ നിർദേശം ഖത്തറിലേക്കുള്ള എല്ലാ എയർലൈൻ കമ്പിനികൾക്കും നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായും ഖത്തറിൽനിന്ന് പുറപ്പെടുന്നതിനു മുമ്പായും പണമോ വിലപിടിപ്പുള്ള ആഭരണങ്ങൾ സംബന്ധിച്ചോ അധികൃതരെ വിവരം ബോധിപ്പിക്കണമെന്ന് യാത്രക്കാരെ അറിയിക്കണമെന്ന് എയർലൈനുകൾക്ക് ക്യു.സി.എ.എ നിർദേശം നൽകി. ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റിയുടെ നിർദേശങ്ങൾക്കനുസൃതമായിരിക്കണം ഇതെന്നും അതോറിറ്റി സൂചിപ്പിച്ചു. രാജ്യത്തിന്‍റെ എല്ലാ പ്രവേശനകവാടങ്ങളിലും ഇത് ബാധകമായിരിക്കും. അതേസമയം, തെറ്റായ വിവരങ്ങൾ നൽകുകയോ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്നത് മൂലം കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. കസ്റ്റംസ് ഡിക്ലറേഷൻ ഫോറം പുറപ്പെടൽ, ആഗമന കേന്ദ്രങ്ങളിലെ പ്രത്യേക കൗണ്ടറുകളിൽ ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.