രോഗികൾക്ക് വായനയും എഴുത്തും; ഇനി ആശുപത്രിയിലും ലൈബ്രറി
text_fieldsദോഹ: ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളെ വായനയുടെ വിശാലമായ ലോകത്തേക്ക് നയിക്കാൻ കൈകോർത്ത് ഹമദ് മെഡിക്കൽ കോർപറേഷനും ഖത്തർ സാംസ്കാരിക മന്ത്രാലയവും.
പുസ്തകങ്ങൾ വിതരണം ചെയ്ത് വായിക്കാൻ പ്രേരണ നൽകിയും, എഴുത്തിന്റെ ലോകത്തേക്ക് നയിക്കുകയുമാണ് മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും തമ്മിൽ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് ആശുപത്രികളിലെ ലൈബ്രറികൾക്ക് തെരഞ്ഞെടുത്ത പുസ്തകങ്ങൾ വിതരണം ചെയ്യും.
രോഗവും ചികിത്സയുമായി മാനസിക സമ്മർദത്തിലാവുന്ന രോഗികളെയും അവരുടെ ബന്ധുക്കളെയും വായനയിലൂടെ ഉന്മേഷകരമായ സാഹചര്യത്തിലേക്ക് തിരികെയെത്തിക്കുകയാണ് പ്രധാനം.
ആരോഗ്യ പരിപാലന മേഖലയിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സ്ഥാപനവുമായുള്ള മന്ത്രാലയത്തിന്റെ സഹകരണത്തെ അഭിനന്ദിക്കുന്നതായും ഖത്തരി പബ്ലിഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോറം അധ്യക്ഷൻ ജാസിം അൽ ബൂഐനൈൻ ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
രോഗികളിൽ മാത്രമൊതുങ്ങാതെ ജീവനക്കാരിലേക്കും രോഗികളുടെ കുടുംബങ്ങളിലേക്കും സംരംഭം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്നുള്ള നിരവധി പ്രോഗ്രാമുകൾ സമീപ ഭാവിയിൽ സജീവമാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ഫോറവുമായുള്ള കരാറിലൂടെ എച്ച്.എം.സിയുടെ അഞ്ച് ആശുപത്രി ലൈബ്രറിലേക്ക് വൈവിധ്യമാർന്ന പുസ്തകങ്ങൾ നൽകാനും, രോഗികൾ, ജീവനക്കാർ എന്നിവർക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പേഷ്യന്റ് എക്സ്പീരിയൻസ് മേധാവിയും ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു.
ചികിത്സാനുഭവങ്ങളും രോഗകാലവും കുറിച്ചിടാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് എഴുതാനുള്ള പരിശീലനവും ഇതിന്റെ ഭാഗമായി നൽകും. ആശുപത്രി ലൈബ്രറികൾക്കുള്ളിൽ പുസ്തകങ്ങൾ വായിക്കാനെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും, രോഗികളിലെ വായനശീലം ചികിത്സയിലും വലിയ മാറ്റങ്ങൾ നൽകുന്നുവെന്നും അൽ നഈമി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.