കൈയടി മാത്രമല്ല; അവാർഡും പോളിന്റെ കൈപ്പിടിയിൽ
text_fieldsദോഹ: ഖത്തറിന്റെ ചലച്ചിത്ര ഉത്സവമായ അജ് യാൽ മേളയിൽ തിളങ്ങി മലയാളിയായ പോൾ എബ്രഹാം. ശനിയാഴ്ച സമാപിച്ച മേളയുടെ ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗത്തിൽ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം തന്റെ ആദ്യ ഹ്രസ്വചിത്രത്തിലൂടെയാണ് എറണാകുളം സ്വദേശിയായ ഖത്തറിലെ ആർകിടെക്ട് സ്വന്തമാക്കിയത്.
ഖത്തറിലും, എറണാകുളത്തുമായി ചിത്രീകരിച്ച 18 മിനിറ്റുള്ള ‘ആൽക്കലൈൻ’ ചിത്രമാണ് പോൾ എബ്രഹാമിനെ മികച്ച ഡയറക്ടറാക്കിയത്. വിവിധ രാജ്യക്കാരായ ഖത്തറിൽനിന്നുള്ള ഡയറക്ടർമാർ സംവിധാനം ചെയ്ത ചിത്രങ്ങളുമായി മാറ്റുരച്ചായിരുന്നു പോൾ ആൽക്കലൈനിലൂടെ തന്റെ ചലച്ചിത്ര അരങ്ങേറ്റം ശ്രദ്ധേയമാക്കിയത്.
ശനിയാഴ്ച നടന്ന സമാപന ചടങ്ങിലായിരുന്നു ‘മെയ്ഡ് ഇൻ ഖത്തർ’ പുരസ്കാര പ്രഖ്യാപനം. ഖത്തരി സിനിമ പ്രവർത്തകനായ അബ്ദുല്ല അൽ ഹോറിനൊപ്പമായിരുന്നു പോൾ ആൽക്കലൈൻ സംവിധാനം ചെയ്തത്. മേളയിൽ രണ്ടു തവണ പ്രദർശിപ്പിച്ച ചിത്രം കാഴ്ചക്കാരുടെ പ്രശംസയും പിടിച്ചുപറ്റി.
വിഖ്യാത ഫലസ്തീൻ നടൻ സാലിഹ് ബക്രി, കെനിയൻ സംവിധായകയും നിർമാതാവുമായ ഡെബ്ര അറോകോ, ഖത്തരി സംവിധായികയും ചലച്ചിത്ര പ്രവർത്തകയുമായ അമൽ അൽ മുഫ്ത എന്നിവരടങ്ങിയ ജൂറിയാണ് ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗത്തിലെ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
മികച്ച സിനിമയായി അലി അൽ ഹാജിരിയുടെ ‘ഐ ലൗവ് ഫോർ യു ടു സ്ലീപ്’ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിനും സംവിധായകനും നടനുമായ അബ്ദുൽ അസീസ് ജാസിം മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം ആരോഗ്യ പ്രശ്നങ്ങളിൽനിന്ന് പ്രകൃതിവാദിയായ അച്ഛനും, അച്ഛന്റെ ഇഷ്ടങ്ങൾ തന്നിലേക്ക് പകർന്ന് നൽകാൻ ശ്രമിക്കുമ്പോൾ മകന് ഉണ്ടാകുന്ന ചിന്തകളും ആശങ്കകളും പ്രമേയമാക്കിയാണ് പോൾ എബ്രഹാം ആൽക്കലൈൻ ചിത്രീകരിച്ചത്. പിതാവും മകനുമായി സംവിധായകൻ പോൾ എബ്രഹാമും അച്ഛൻ സാജുവും തന്നെയാണ് വേഷമിട്ടിരിക്കുന്നത്.
ദൈനംദിന ജീവിതത്തിലെ സംഘർഷങ്ങളും അനുഭവങ്ങളും കാവ്യാത്മകമായ ദൃശ്യഭാഷയിൽ പകർത്തുന്നതായിരുന്നു ‘ആൽക്കലൈൻ’ എന്ന് ജൂറി അഭിപ്രായപ്പെട്ടു. സംവിധാനത്തിലെ അരങ്ങേറ്റമായി മാറിയ ചിത്രം അജ് യാൽ പോലൊരു ശ്രദ്ധേയവേദിയിൽ ആദ്യ പ്രദർശനത്തിൽ തന്നെ അംഗീകാരം നേടിയതിന്റെ സന്തോഷത്തിലാണ് പോൾ. കേരളത്തിൽ ഉൾപ്പെടെ മേളകളിൽ പ്രദർശിപ്പിക്കാനും ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.