പേൾ ഖത്തർ പള്ളിയിലെ ബാങ്ക് വിളി; വ്യക്തതയുമായി യു.ഡി.സി
text_fieldsദോഹ: പേൾ ഖത്തറിലെ 249ാം നമ്പർ പള്ളിയിലെ ശബ്ദ സംവിധാനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തകളിൽ വ്യക്തത വരുത്തി ഡെവലപേഴ്സായ യു.ഡി.സി രംഗത്ത്. മനുഷ്യനിർമിത ആഡംബര ദ്വീപാണ് പേൾ ഖത്തർ. ജനുവരി ഒന്നിന് വെള്ളിയാഴ്ച പള്ളിയിലെ ബാങ്ക് വിളിക്കുന്ന സമയത്ത് ശബ്ദ സംവിധാനം പ്രവർത്തന ക്ഷമമാകാത്തതുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്.
പേൾ ഖത്തറിലെ പള്ളികളിൽ ശബ്ദസംവിധാനം പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിജ്ഞാപനമോ നടപടിയോ പുറത്തിറക്കിയിട്ടില്ലെന്നും സ്വീകരിച്ചിട്ടില്ലെന്നും യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനി അറിയിച്ചു. പേൾ ഖത്തറിലെ മുഴുവൻ പള്ളികളിലെയും ശബ്ദസംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണ്. ജുമുഅ നടക്കുന്ന മൂന്ന് പള്ളികളിലെയും ശബ്ദസംവിധാനങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും യു.ഡി.സി വ്യക്തമാക്കി. പേൾ ഖത്തറിലെ പള്ളികളുടെ നടത്തിപ്പിനും സംഘാടനത്തിനുമായി മുഴുവൻ പിന്തുണയും നൽകുന്ന ഔഖാഫ് മന്ത്രാലയത്തിന് പ്രത്യേക നന്ദി അറിയിക്കുകയാണ്.
കോവിഡ്-19 പശ്ചാത്തലത്തിൽ പള്ളിയിലെ തിരക്ക് കുറക്കാനായി രണ്ട് അധിക പള്ളികളാണ് ജുമുഅക്കായി ഔഖാഫ് അനുവദിച്ചത്. ഇതു സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അന്വേഷിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനുമുണ്ടെങ്കിൽ 8006222 നമ്പറിൽ ബന്ധപ്പെടണമെന്നും യു.ഡി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.