ചരിത്രം രചിച്ച ആ പന്ത് ഖത്തറിലുണ്ട്
text_fieldsദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ താരം പെലെ കരിയറിലെ ആയിരാമത്തെ ഗോൾ നേടി ചരിത്രം കുറിച്ച ആ പന്ത് ഖത്തറിലുണ്ട്. ദോഹയിലെ 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലാണ് താൽക്കാലികമായി ആ പന്ത് സൂക്ഷിച്ചിട്ടുള്ളത്. 1969 നവംബർ 19ന് സാന്റോസിനുവേണ്ടി റെഗറ്റാസ് വാസ്കോ ഡി ഗാമക്കെതിരെയായിരുന്നു വിസ്മയകരമായ നാഴികക്കല്ല് പെലെ പിന്നിട്ടത്. റിയോ ഡെ ജനീറോയിലായിരുന്നു ആ മത്സരം അരങ്ങേറിയത്.
കളി സമനിലയിലേക്ക് നീങ്ങവെയായിരുന്നു ആ ഗോൾ. 12 മിനിറ്റ് മാത്രം ബാക്കിനിൽക്കെ സാന്റോസിന് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിക്കുന്നു. പെലെയാണ് കിക്കെടുക്കാൻ എത്തിയത്. 65,000 കാണികൾക്കു മുമ്പാകെ പ്രാദേശിക സമയം രാത്രി 11.11ന് പെലെ ആ ചരിത്രനേട്ടത്തിലേക്ക് പന്തടിച്ചുകയറ്റി. മത്സരശേഷം അധികൃതരോട് ആവശ്യപ്പെട്ട് ആ പന്ത് പെലെ സ്വന്തമാക്കുകയായിരുന്നു.
ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലെ ഹാൾ ഓഫ് അത്ലറ്റ്സിൽ പ്രദർശനത്തിനുവെച്ച പന്ത് ലോകകപ്പ് വേളയിൽ ആയിരക്കണക്കിന് ആരാധകരാണ് സന്ദർശിച്ചത്. വായ്പാടിസ്ഥാനത്തിലാണ് പന്ത് ഖത്തർ സ്പോർട്സ് മ്യൂസിയത്തിൽ എത്തിച്ചത്. വെള്ളനിറത്തിലുള്ള ‘കോപ റിയോ-ഡ്രിബ്ൾ എ സ്പെഷൽ’ എന്ന് പേരിട്ട പന്തിന്റെ പേരൊക്കെ മാഞ്ഞുപോയ നിലയിലാണ്. അപ്പോഴും പേന കൊണ്ടെഴുതിയത് പോലെയുള്ള ‘പെലെ 100’ എന്നത് ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നുണ്ട്. അതിവിശിഷ്ടമായ കരിയറിൽ 1283 ഗോളുകളെന്ന അതിശയകരമായ പെലെയുടെ റെക്കോഡ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ഭേദിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.