ലോകകപ്പിന് ശേഷവും ദോഹ തുറമുഖത്തേക്ക് ആളൊഴുകുന്നു
text_fieldsദോഹ: ലോകകപ്പിന് ശേഷവും വിനോദസഞ്ചാരികളുടെയും കപ്പലുകളുടെയും ഇഷ്ടകേന്ദ്രമായി തുടരുകയാണ് പഴയ ദോഹ തുറമുഖം. ടൂറിസ്റ്റ് സീസണിൽ ദോഹ തുറമുഖം തിരക്കേറിയതാണെന്നും തുറമുഖത്തെ പുതിയ പാസഞ്ചർ ടെർമിനലിലൂടെ പ്രതിദിനം 12,000 പേർക്ക് യാത്ര ചെയ്യാമെന്നും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അതോറിറ്റി (ജി.എ.സി) ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഏപ്രിൽ മാസത്തിൽ ദോഹ തുറമുഖം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് ടൂറിസ്റ്റ് സീസൺ കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ആകെ 273666 സന്ദർശകരാണ് ഇക്കഴിഞ്ഞ ക്രൂയിസ് സീസണിൽ ദോഹ തുറമുഖത്തെത്തിയത്. 55 ക്രൂയിസ് കപ്പലുകളും തീരത്തണഞ്ഞു. മുൻവർഷ സീസൺ അപേക്ഷിച്ച് 62 ശതമാനം വർധന രേഖപ്പെടുത്തിയതായും ദോഹയിൽ നിന്നാരംഭിക്കുന്ന യാത്രകളിലായി 19,000 വിനോദസഞ്ചാരികളാണ് യാത്ര ചെയ്തതെന്നും ജി.എ.സി റിപ്പോർട്ടിൽ പറയുന്നു.
ദോഹ തുറമുഖം ഇപ്പോഴും സമുദ്ര സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി തുടരുകയാണെന്ന് ജി.എ.സി പ്രതിമാസ വാർത്തക്കുറിപ്പിൽ മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ഡോ. അബ്ദുൽ ഹാദി അൽ സഹ്ലി പറഞ്ഞു. ഖത്തർ ടൂറിസം അതോറിറ്റിയുമായി ഏകോപിപ്പിച്ച് സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് സീസൺ കാലയളവിലും അതിന് പുറമെയുള്ള സമയങ്ങളിലും നിരവധി യാത്രാകപ്പലുകളാണ് തുറമുഖത്തെത്തുന്നതെന്നും അൽ സഹ്ലി വ്യക്തമാക്കി.
കർശനമായ പരിശോധന പ്രക്രിയകളാണ് തുറമുഖങ്ങളിൽ ജി.എ.സി പിന്തുടരുന്നതെന്നും എക്സ്-റേ സ്ക്രീനിങ്ങിന് മുമ്പ് യാത്രക്കാരെയെല്ലാം കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കാറുണ്ടെന്നും അൽ സഹ്ലി കൂട്ടിച്ചേർത്തു.
ഇവിടെയെത്തുന്നതും രാജ്യത്തുനിന്ന് പുറപ്പെടുന്നതുമായ ചരക്കുകൾ, യാത്രക്കാർ, ഗതാഗതക്കപ്പലുകൾ എന്നിവ പരിശോധനക്ക് വിധേയമാക്കപ്പെടും. ജി.എ.സി മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിനാണ് ഇതിന്റെ ഉത്തരവാദിത്തം. ഹമദ് പോർട്ട് കസ്റ്റംസ്, അൽ റുവൈസ് പോർട്ട് കസ്റ്റംസ്, റാസ് ലഫാൻ പോർട്ട് കസ്റ്റംസ്, മിസൈദ് പോർട്ട് കസ്റ്റംസ്, ദോഹ പോർട്ട് കസ്റ്റംസ്, റവന്യൂ ആൻഡ് പോസ്റ്റ് ഓഡിറ്റ് എന്നിങ്ങനെ ആറ് വകുപ്പുകളാണ് ഇതിന് കീഴിൽ വരുന്നതെന്ന് അൽ സഹ്ലി ചൂണ്ടിക്കാട്ടി.
ഹമദ്, അൽറുവൈസ് പോർട്ട് കസ്റ്റംസ് വാണിജ്യ തുറമുഖങ്ങളാണ്. എണ്ണ, പെട്രോ കെമിക്കൽസ്, ഗ്യാസ്, പ്രാഥമിക നിർമാണ സാമഗ്രികൾ തുടങ്ങിയവക്കായി ഖത്തറിന്റെ വ്യവസായിക മേഖലയെ സേവിക്കുന്ന തുറമുഖങ്ങളാണ് റാസ് ലഫാൻ, മിസൈദ് തുറമുഖങ്ങൾ. സഞ്ചാരികൾക്കായുള്ള തുറമുഖമാണ് ദോഹ തുറമുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.