പഴം, പച്ചക്കറി ഇറക്കുമതിക്ക് മുൻകൂർ അനുമതി വേണം
text_fieldsദോഹ: ഡിസംബർ ഒന്നു മുതൽ രാജ്യത്തേക്ക് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിെൻറ നിർദേശം. മന്ത്രാലയം വിളിച്ചു ചേർത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ.മസൗദ് ജാറല്ല അല്‍ മറി, കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി, കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥർ, നിരവധി വിതരണക്കാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉൽപന്നങ്ങളുടെ ഗുണനിലാവരം ഉറപ്പുവരുത്തുന്നതിനും പച്ചക്കറികളും പഴങ്ങളും ആവശ്യമായതിലും കൂടുതൽ ഇറക്കുമതി ചെയ്യുന്നതിലൂടെ പാഴാവുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. വിതരണക്കാര്‍ക്ക് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിക്കായി നവംബർ ഒന്നു മുതൽ 20 വരെ ഇമെയിൽ വഴി അപേക്ഷിക്കാം. importrequests@mme.gov.qa എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നിന്നും എഫ്-എ.എ.ഡി-പി.പി 02 എന്ന അപേക്ഷാ ഫോറം ഡൗൺലോഡ്ചെയ്ത് ഓരോ മാസത്തേക്കും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിശദാംശങ്ങളും തൂക്കവുമെല്ലാം വ്യക്തമാക്കി വേണം അപേക്ഷ സമർപ്പിക്കാൻ.
'രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ നിരീക്ഷിക്കാൻ ഇതുവഴി കഴിയുമെന്ന് ഡോ. മസൂദ് ജാറല്ലാ അൽ മറി പറഞ്ഞു. രാജ്യത്തെ എല്ലാവിഭാഗം ഉപഭോക്താക്കൾക്കും ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാനാണ് മന്ത്രാലയം ഇത്തരമൊരു നടപടിക്രമം പ്രാബല്യത്തിൽ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ പാഴാവുന്നത് ഒഴിവാക്കുകയെന്നത് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ലക്ഷ്യം കൂടിയാണ്. ഇറക്കുമതിചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ, ഖത്തറിലെത്തി ഉപഭോക്താക്കളിൽ എത്തുന്നതു വരെ 14 ശതമാനം ഭക്ഷ്യവസ്തുക്കൾ പാഴാവുന്നു എന്നാണ് റിപ്പോർട്ട്. ഇറക്കുമതിക്ക് പെർമിറ്റ് സംവിധാനമൊരുക്കുന്നതിലൂടെ ഈ നഷ്ടം കുറയാമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.