കെട്ടിടങ്ങൾക്ക് പെർമിറ്റുകൾ നൽകിയതിൽ റയ്യാൻ മുനിസിപ്പാലിറ്റി മുന്നിൽ; കുറവ് ശീഹാനിയ
text_fieldsദോഹ: ഏപ്രിൽ മാസത്തിൽ രാജ്യത്തെ മുനിസിപ്പാലിറ്റികൾ നൽകിയ കെട്ടിടങ്ങളുടെ പെർമിറ്റുകളുടെ കണക്കുകൾ വികസന–ആസൂത്രണ–സ്ഥിതിവിവരക്കണക്ക് മന്ത്രാലയം (എം.ഡി.പി.എസ്) പുറത്ത് വിട്ടു. മന്ത്രാലയത്തിെൻറ ബിൽഡിംഗ് പെർമിറ്റുകളെ സംബന്ധിച്ചുള്ള 28ാമത് മാസാന്ത പതിപ്പിലാണ് കണക്കുകൾ വിശദമാക്കിയിട്ടുള്ളത്. മുനിസിപ്പാലിറ്റി തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ റയ്യാൻ മുനിസിപ്പാലിറ്റിയാണ് ഏറ്റവും കൂടുതൽ ബിൽഡിംഗ് പെർമിറ്റുകൾ നൽകിയിരിക്കുന്നത്.
ആകെ നൽകിയ പെർമിറ്റുകളുടെ 25 ശതമാനവും റയ്യാൻ മുനിസിപ്പാലിറ്റിയിൽ നിന്നാണ്(155 എണ്ണം). ദോഹ മുനിസിപ്പാലിറ്റിയാണ് തൊട്ട് പിന്നിൽ നിൽക്കുന്നത്.
135 ബിൽഡിംഗ് പെർമിറ്റുകൾ ദോഹ മുനിസിപ്പാലിറ്റി നൽകിയപ്പോൾ വക്റ മുനിസിപ്പാലിറ്റി 110 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. അൽ ദആയിൻ 90, ഉംസലാൽ 60, അൽഖോർ 39, അൽ ശമാൽ 15, ശീഹാനിയ 14 എന്നിങ്ങനെയാണ് ബാക്കിയുള്ള മുനിപ്പാലിറ്റികൾ നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ എണ്ണം.
റെഡിസൻഷ്യൽ–നോൺ റെസിഡൻഷ്യൽ വിഭാഗങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കായി 359 പെർമിറ്റുകളാണ് ഏപ്രിൽ മാസത്തിൽ ആകെ നൽകിയത്. നിലവിലെ കെട്ടിടങ്ങളിൽ അകറ്റുപണി നടത്താൻ 238 പെർമിറ്റുകൾ നൽകിയപ്പോൾ അതിർത്തി തിരിച്ചുള്ള ഫെൻസിംഗ് പെർമിറ്റുകൾ നൽകിയത് 21 എണ്ണമാണ്. ഗാരേജ്, ഫാക്ടറി തുടങ്ങിയ നോൺറെസിഡൻഷ്യൽ കെട്ടിടങ്ങൾക്കായി 23 പെർമിറ്റുകളാണ് നൽകിയത്. വാണിജ്യാടിസ്ഥാനത്തിലുള്ളതും പള്ളി തുടങ്ങിയ കെട്ടിടങ്ങൾക്കുമായി 16 പെർമിറ്റുകൾ നൽകിയപ്പോൾ സർക്കാർ കെട്ടിടങ്ങൾക്കായി കഴിഞ്ഞ മാസം നൽകിയത് മൂന്ന് പെർമിറ്റുകളാണ്.
അതേസമയം, മാർച്ച് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ബിൽഡിംഗ് പെർമിറ്റുകളുടെ എണ്ണത്തിൽ ഏഴ് ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കുറവ് പ്രകടമായിരിക്കുന്നത് ശമാൽ മുനിസിപ്പാലിറ്റി(25ശതമാനം)യിലാണ്.
ആസൂത്രണ–വികസന–സ്ഥിതി വിവരക്കണക്ക് മന്ത്രാലയവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.