പെട്രോ കെമിക്കൽ കോംപ്ലക്സ് പ്രോജക്ടിന് അമീർ തറക്കല്ലിട്ടു
text_fieldsദോഹ: പെട്രോ കെമിക്കൽ മേഖലയിലെ ഖത്തറിന്റെ ശ്രദ്ധേയ പദ്ധതികളിലൊന്നായ റാസ്ലഫാൻ പെട്രോ കെമിക്കൽ കോംപ്ലക്സ് പ്രോജക്ടിന്റെ തറക്കല്ലിടൽ കർമം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു.
ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രെട്രോകെമിക്കൽ പദ്ധതിയായ റാസ്ലഫാൻ പ്രോജക്ടിന്റെ വികസനത്തിലെ നിർണായക ഘട്ടത്തിനാണ് തുടക്കം കുറിക്കുന്നത്.
കോംപ്ലക്സ് നിർമാണം പൂർത്തിയാകുന്നതോടെ എഥിലീന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഉൽപാദനം ഇരട്ടിയായി വർധിക്കുമെന്നാണ് അനുമാനം. ഖത്തറിന്റെ ആകെ പെട്രോകെമിക്കൽ ഉൽപാദനം പ്രതിവർഷം 14 ദശലക്ഷം ടണ്ണായി ഉയർത്തുന്നതിനും ഈ പദ്ധതി സഹായിക്കും.ഉദ്ഘാടനത്തിനു പിന്നാലെ പദ്ധതി സംബന്ധിച്ച ഡോക്യുമെന്ററി അമീറിനു മുമ്പാകെ പ്രദർശിപ്പിച്ചു. ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷരിദ അൽ കഅബി, മറ്റു മന്ത്രിമാർ, ഖത്തർ എനർജി മേധാവികൾ എന്നിവരും പങ്കെടുത്തു. നാലു വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി പൂര്‍ത്തിയാകുന്നതോടെ പശ്ചിമേഷ്യയിലെയും ലോകത്തിലെയും ഏറ്റവും വലിയ പെട്രോകെമിക്കൽ യൂനിറ്റായിരിക്കും ഖത്തറിന്റെ വ്യവസായിക നഗരമായ റാസ്ലഫാനിൽ പൂർത്തിയാകുന്നത്. ഖത്തർ എനർജിക്ക് 70 ശതമാനവും ചെവ്റോൺ ഫിലിപ്സ് കെമികൽ കമ്പനി (സി.പി.കെം) 30 ശതമാനവും ഉടമസ്ഥരായ സംയുക്ത സംരംഭത്തിനു കീഴിലാണ് കോംപ്ലക്സ് സ്ഥാപിക്കുന്നത്.
പെട്രോകെമിക്കല്‍ കോംപ്ലക്സിലേക്കുള്ള അസംസ്കൃത പദാര്‍ഥം ഈഥൈനായിരിക്കും. 2025ല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി തുടങ്ങിയവ 1,500 ഫാരന്‍ ഹീറ്റ് ചൂടിലും 1,000 പി.എസ്.ഐ മര്‍ദത്തിലും ശുദ്ധീകരിച്ച് രാസസംയുക്തങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയയാണ് പെട്രോകെമിക്കല്‍ കോംപ്ലക്സുകളില്‍ നടക്കുന്നത്. ക്രാക്കിങ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ക്രാക്കിങ് പ്ലാൻറുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യാന്തര പെട്രോകെമിക്കല്‍ വിപണിയില്‍ ഖത്തറിന് മികച്ച സ്ഥാനം ലഭ്യമാകും. രാജ്യാന്തരതലത്തില്‍ ഏറ്റവും മികച്ചതും പ്രമുഖവുമായ ഊര്‍ജകമ്പനികളില്‍ ഒന്നായി ഖത്തർ എനർജി മാറും. പെട്രോകെമിക്കല്‍ കോംപ്ലക്സിലേക്കുള്ള അസംസ്കൃത പദാര്‍ഥം ഈഥൈനായിരിക്കും.
പുതിയ വടക്കന്പാട എൽ.എൻ.ജി വികസനപദ്ധതിയില്നിന്നും ഉൽപാദിപ്പിക്കുന്ന ഈഥൈനായിരിക്കും ഉപയോഗിക്കുക. കൂടാതെ നിലവിലുള്ള വാതകപദ്ധതികളില്നിന്ന് ഉൽപാദിപ്പിക്കുന്ന ഈഥൈനും ഉപയോഗിക്കും. പ്രകൃതിവാതകത്തെ ക്രാക്കിങ്ങിനു വിധേയമാക്കി വന്‍തോതില്‍ എഥിലിന്‍ ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാൻറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.