വളർത്തുമൃഗങ്ങളെ കൊണ്ടുവരാം; നടപടികൾ പാലിക്കണം
text_fieldsദോഹ: ലോകകപ്പിനായെത്തുന്ന കാണികൾക്ക് വളർത്തുമൃഗങ്ങളെയും കൊണ്ടുവരാമെന്ന് അധികൃതർ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഹയ കാർഡുടമകൾക്ക് വെറ്ററിനറി സർട്ടിഫിക്കറ്റുകളും വളർത്തുമൃഗങ്ങളുടെ ഇറക്കുമതി പെർമിറ്റുകളും നൽകുന്ന സേവനത്തിന് മുനിസിപ്പാലിറ്റി മന്ത്രാലയം തുടക്കം കുറിച്ചു.
വളർത്തുനായ്ക്കളെയും പൂച്ചകളെയും കൊണ്ടുവരുന്നതിന്, അവ ഖത്തറിലെത്തുന്നതിന് 30 ദിവസത്തിനുള്ളിലെടുത്ത സാധുവായ ഇറക്കുമതി പെർമിറ്റ് കൈവശം വെക്കണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.അതോടൊപ്പം, ഈ വളർത്തു മൃഗങ്ങളിൽ ഇലക്ട്രോണിക്/മൈക്രോ ചിപ്പുകൾ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വലുതും അപകടകാരികളുമായ ഇനം നായ്ക്കൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. സന്ദർശകർ അവരുടെ രാജ്യത്തേക്ക് മടങ്ങുമ്പോൾ, ഖത്തറിലേക്ക് കൊണ്ടുവന്ന വളർത്തുമൃഗങ്ങളെക്കൂടി കൊണ്ടുപോകണം.
വളർത്തുമൃഗങ്ങൾക്ക് ഇറക്കുമതി പെർമിറ്റ് നേടുന്നതിനുള്ള നിബന്ധനകൾ
നായ്ക്കൾക്കും പൂച്ചകൾക്കും ഏഴുമാസത്തിലധികം പ്രായമുണ്ടാകണം.
പേവിഷബാധക്കെതിരായ റാബിസ് വാക്സിൻ നൽകിയിരിക്കണം.
പൂച്ചകൾക്ക് ട്രിപ്പ്ൾ വാക്സിൻ നൽകിയിരിക്കണം.
വാക്സിനേഷൻ സാധുതയുള്ള കാലാവധിക്കുള്ളിൽ മാത്രമായിരിക്കും വളർത്തുമൃഗങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
നായ്ക്കൾക്ക് കനൈൻ ഡിസ്റ്റമ്പർ, പാർവോവൈറസ്, ഹെപ്പറ്റൈറ്റിസ് സി, ലെപ്റ്റോസ്പൈറ എന്നിവക്കെതിരായ വാക്സിൻ നൽകിയിരിക്കണം.
റാബിസ് രോഗപ്രതിരോധ ആൻറിബോഡിക്കായുള്ള രക്തപരിശോധന (ആർ.എസ്.എൻ.ടി).
യാത്ര ചെയ്യുന്നതിനുമുമ്പായി വളർത്തുമൃഗങ്ങൾ രക്തസാമ്പിളെടുക്കുന്ന തീയതി മുതൽ 90 ദിവസം കാത്തിരിക്കണം.
പെർമിറ്റ് നേടുന്നതിനുള്ള നടപടികൾ
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://animalcert.mme.gov.qa/ANIMAL_SYSTEM/MainPage.aspx എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് വ്യക്തിയുടെ ജനന തീയതി, ഹയ കാർഡ് നമ്പർ എന്നിവ നൽകിയതിനുശേഷം ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് അക്കൗണ്ട് സ്ഥിരീകരിക്കുക.
നിബന്ധനകളും നിർദേശങ്ങളും അംഗീകരിക്കുക.
ശേഷം ലഭിക്കുന്ന ഫോറത്തിൽ ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിക്കുക. ശേഷം ആവശ്യമായ സേവനം (ഇറക്കുമതി/കയറ്റുമതി) തിരഞ്ഞെടുക്കുക.
തുടർന്ന് അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്ക് സന്ദേശം ലഭിക്കും.
ആവശ്യമായ രേഖകൾ
വാക്സിനേഷൻ സർട്ടിഫിക്കറ്റ്/രേഖ
രക്തപരിശോധന ഫലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.