ആരോഗ്യ സുരക്ഷാ പാഠങ്ങളുമായി പി.എച്ച്.സി.സി ‘ബാക് ടു സ്കൂൾ’
text_fieldsദോഹ: ഖത്തറിലെ മുഴുവൻ സ്കൂളുകളിൽ പ്രവൃത്തിദിനങ്ങൾ ആരംഭിച്ചതിനു പിന്നാലെ, വിദ്യാർഥികൾക്കിടയിൽ ആരോഗ്യ ബോധവത്കരണവുമായി പ്രാഥമികാരോഗ്യ കേന്ദ്രം. പി.എച്ച്.സി.സി നേതൃത്വത്തിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ഞായറാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ സ്കൂളുകൾ, കിൻറർഗാർട്ടൻ, എജുക്കേഷൻ എബൗ ഓൾ സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പി.എച്ച്.സി.സി നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണവുമായി ബാക് സ്കൂൾ പ്രചാരണ പരിപാടികൾ നടത്തുന്നത്. വിദ്യാർഥികളിലും രക്ഷിതാക്കളിലും സ്കൂൾ ജീവനക്കാരിലും വിദ്യാർഥി കേന്ദ്രീകൃത ആരോഗ്യ ചിന്തകൾ വളർത്തുകയാണ് ലക്ഷ്യമിടുന്നത്.
സ്കൂൾ നഴ്സിങ് സർവിസ് വിഭാഗത്തിലൂടെ മുഴുവൻ ആളുകളിലേക്കും സന്ദേശമെത്തിക്കും. സ്കൂളിലും വീടുകളിലും മികച്ച ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക, ശുചിത്വ പാഠങ്ങൾ പകരുക, രോഗപ്രതിരോധങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഹെൽത്ത് സർവിസ് വിഭാഗങ്ങളുമായി മികച്ച ആശയവിനിയമ സംവിധാനവും സൃഷ്ടിക്കും.
വിവിധ പരിപാടികളോടെയാണ് ബാക് ടു സ്കൂൾ കാമ്പയിൻ നടപ്പാക്കുന്നത്. പരിശീലനങ്ങൾ, ലഘുലേഖകൾ, ബുക് ലെറ്റ് വിതരണം, ആരോഗ്യ സന്ദേശങ്ങളുടെ പ്രചാരണം ഉൾപ്പെടെ വിവിധ തരത്തിൽ ബോധവത്കരണം നൽകും.
സ്കൂൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യ ബോധവത്കരണത്തിലൂടെ ഈ സന്ദേശം ഖത്തറിലെ വലിയൊരു സമൂഹത്തിലെത്തിക്കാനും കഴിയും. അതേസമയം, സ്കൂളുകളിലെ പരമ്പരാഗത ക്ലിനിക്കുകളെ ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് റെക്കോഡ് വകുപ്പുമായി ബന്ധിപ്പിച്ച് സ്മാർട്ട് ക്ലിനിക്കുകളാക്കി മാറ്റുകയാണ് പി.എച്ച്.സി.സി. ഇതുസംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.