മുതിർന്നവരുടെ പരിചരണത്തിന് വീടുകളിലേക്ക് പി.എച്ച്.സി.സി ഹോം
text_fieldsദോഹ: പ്രായമായവർക്ക് വീട്ടിലെത്തി പരിചരണം നൽകുന്ന ഹോം ഹെൽത്ത് കെയർ സേവനവുമായി പി.എച്ച്.സി.സിയുടെ പ്രിവന്റിവ് ഹെൽത്ത് കെയർ ഡയറക്ടറേറ്റ്. ഇജ്ലാൽ ഹോം ഓറൽ ഹെൽത്ത് കെയർ സർവിസാണ് പ്രാരംഭ ഘട്ടത്തിൽ നടപ്പാക്കുന്നത്. പ്രിവന്റിവ് ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹമദ് അൽ മുദഹ്കയുടെ മേൽനോട്ടത്തിൽ, ഓറൽ ഹെൽത്ത് പ്രമോഷൻ ആൻഡ് പ്രിവൻഷൻ മാനേജർ ഡോ. നതാജ് അൽ യാഫിയുടെ നേതൃത്വത്തിലാണ് ഹോം ഹെൽത്ത് കെയർ സംവിധാനത്തിന്റെ സേവനം പ്രായമുള്ള രോഗികളിലേക്ക് എത്തുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഹോം ഹെൽത്ത് കെയർ സർവിസിനുകീഴിൽ രജിസ്റ്റർ ചെയ്ത പ്രായമായ രോഗികളുടെ വീട്ടിലെത്തുന്ന ഇജ് ലാൽ ജീവനക്കാർ ആവശ്യമായ ദന്ത പരിചരണം നൽകും. മൊബൈൽ ഡെന്റൽ യൂനിറ്റ്, ദന്ത ചികിത്സക്കുള്ള സംവിധാനങ്ങൾ എന്നിവയുമായാണ് പ്രാരംഭ പദ്ധതിയെന്ന നിലയിൽ രോഗികളുടെ അരികിലെത്തുന്നത്. പ്രായമായവർ നേരിടുന്ന പല്ലുസംബന്ധമായ വിവിധ ബുദ്ധിമുട്ടുകൾ തിരിച്ചറിയുകയും ആവശ്യമായ പരിചരണം വീട്ടിലെത്തി ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്.
ദന്ത പരിശോധനയുടെ ഫലങ്ങൾ ബന്ധുക്കൾ, പരിചാരകർ ഉൾപ്പെടെയുള്ളവരുമായി പങ്കുവെച്ച്, കൂടുതൽ മെച്ചപ്പെട്ട ആരോഗ്യാവസ്ഥ നൽകാനും ദന്തശുചിത്വം ഉറപ്പുവരുത്താനും ആരോഗ്യ പരിപാലനം മെച്ചപ്പെടുത്താനും ഇതുവഴി ശ്രമിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. ഹോം ഹെൽത്ത് സർവിസസിലെ ലീഡ് നഴ്സ് പ്രായമായവരിൽ നിന്നോ അവരെ പരിചരിക്കുന്നവരിൽ നിന്നോ വാക്കാലുള്ള സമ്മതം വാങ്ങും. പിന്നീട് അത് ഇജ്ലാൽ ടീമിനയച്ച് രോഗിയുടെ ആരോഗ്യസ്ഥിതി അവലോകനം ചെയ്ത ശേഷമാവും അപ്പോയ്ന്റ്മെന്റും സമയവും സ്ഥിരീകരിക്കുന്നത്.
പ്രാരംഭ പദ്ധതി എന്ന നിലയിൽ ജൂണിൽ ആരംഭിക്കുന്ന ഹോം കെയർ, മൂന്നാഴ്ച നടപ്പിലാക്കി അവലോകനം ചെയ്ത ശേഷമായിരിക്കും അടുത്ത ഘട്ടത്തിൽ നടപ്പിലാക്കുകയെന്ന് ഡോ. അൽ മുദഹ്ക പറഞ്ഞു.
ഹോം കെയറിനു മുന്നോടിയായി ഇജ്ലാൽ ടീം അംഗങ്ങൾക്ക് പരിശീലനം നൽകി. പദ്ധതിയുടെ ലക്ഷ്യം, ഓരോരുത്തരുടെ ഉത്തരവാദിത്തം എന്നിവക്കു പുറമെ, വീടുകളിലെത്തുമ്പോൾ പാലിക്കേണ്ട മര്യാദകൾ, ഖത്തരി സംസ്കാരം, ഗൃഹസന്ദർശനത്തിന്റെ രീതികൾ, സന്ദർശന വേളയിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നിവയിലുള്ള അറിവുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.