ആപ്പും ഹോട്ട് ലൈൻ നമ്പറും ജനകീയമാക്കാൻ പി.എച്ച്.സി.സി
text_fieldsദോഹ: ഖത്തറിലെ ആരോഗ്യമേഖലയിലെ സേവനങ്ങൾ ഏറ്റവും ലളിതമാക്കുന്ന ആപ്ലിക്കേഷൻ, ഹോട്ട് ലൈൻ സേവനങ്ങൾ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെ സേവനങ്ങൾ ഉപയോഗിക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനായ ‘നർആകും’ 107 എന്ന ഹോട്ട് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്തുന്നത് സജീവമാക്കാൻ നിർദേശിച്ച് പ്രാഥമികാരോഗ്യ കോർപറേഷൻ പ്രചാരണത്തിന് തുടക്കംകുറിച്ചു. ‘ഞങ്ങളുടെ സേവനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം’ എന്ന പേരിലാണ് ആപ്പും ഹോട്ട് ലൈനും കൂടുതൽ പേരിലെത്തിക്കുന്നതിന് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന്റെ (പി.എച്ച്.സി.സി) കീഴിലാണ് കാമ്പയിൻ. ഹെല്‍ത്ത് സെന്ററുകളില്‍ അപ്പോയ്ന്റ്മെന്റുകള്‍ ബുക്ക് ചെയ്യല്‍ അല്ലെങ്കില്‍ ബുക്കിങ് പുനഃക്രമീകരിക്കല്‍, നിർദിഷ്ട ഹെല്‍ത്ത് സെന്ററുകളില്‍ പരിശോധനകള്‍ എന്നിവയെല്ലാം ‘നര്‍ആകും’ ആപ് അല്ലെങ്കില്‍ 107 ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ചോ ഉറപ്പാക്കാവുന്നതാണ്.
എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുകൂടിയാണ് ‘നർആകും’ ആപ്ലിക്കേഷൻ. ഹെല്‍ത്ത് കാര്‍ഡ് പുതുക്കല്‍, വ്യക്തിഗത ഫാമിലി ഫിസിഷ്യനെ കാണല്‍, ആവശ്യമെങ്കില്‍ ഹെല്‍ത്ത് സെന്റര്‍ മാറ്റാനും രജിസ്റ്റര്‍ ചെയ്ത ഹെല്‍ത്ത് സെന്ററിലെ നിലവിലേതിനു പകരമായി പുതിയ ഫാമിലി ഫിസിഷ്യനെ തിരഞ്ഞെടുക്കല്‍ എന്നിവയെല്ലാം ആപ്ലിക്കേഷനിലൂടെ ചെയ്യാം. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ്പിള്‍, ഗൂഗ്ള്‍ പ്ലേസ്റ്റോർ എന്നിവയിൽനിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
സേവനങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും അപ്പോയ്ന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യാനും 107 എന്ന ഏകീകൃത ഹോട്ട് ലൈന്‍ നമ്പറും ഉപയോഗിക്കാം. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ സേവനം ലഭിക്കും. പി.എച്ച്.സി.സിയുടെ 31 ഹെല്‍ത്ത് സെന്ററുകളിലെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യപരിചരണ ആവശ്യങ്ങളില്‍ ജനങ്ങളുടെ സജീവമായുള്ള ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കാമ്പയിൻ. 31 ഹെല്‍ത്ത് സെന്ററുകളിലായി 17,10,112 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 5000ത്തിലധികം ക്ലിനിക്കല്‍ ജീവനക്കാരാണുള്ളത്. 89 സേവനങ്ങളാണ് ഹെല്‍ത്ത് സെന്ററുകളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.