ചിത്രപ്രദർശനവും ശിൽപശാലയുമായി ഫോട്ടോഗ്രഫി ഡേ
text_fieldsദോഹ: ഖത്തറിന്റെയും ലോകത്തിന്റെയും കാണാക്കാഴ്ചകളിലേക്ക് കണ്ണുതുറന്ന ഒരുപിടി ചിത്രങ്ങളുമായി ഇന്ത്യൻ കൾചറൽ സെന്റർ ഫോട്ടോഗ്രഫി ഡേ സമാപിച്ചു. ഇന്ത്യൻ കൾചറൽ സെന്ററിന്റെയും ഐ.സി.സി ഫോട്ടോഗ്രഫി ക്ലബിന്റെയും നേതൃത്വത്തിലായിരുന്നു ഫോട്ടോ ശിൽപശാലയും പരിശീലനവും മുതൽ ചിത്രപ്രദർശനവുമായി സജീവമായ രണ്ടു ദിവസത്തെ പരിപാടികൾ.
വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചു. എക്സ്പ്ലോറിങ് ഖത്തർ, ബാക് ടു നേച്ചർ എന്നീ വിഷയങ്ങളിലായി നടത്തിയ മത്സരത്തിൽ ആയിരക്കണക്കിന് ചിത്രങ്ങളാണ് മാറ്റുരച്ചത്. വിദ്യാർഥികളുടെ വിഭാഗത്തിൽ ബിർല പബ്ലിക് സ്കൂൾ വിദ്യാർഥിനി ഷെല സമറീൻ സുനീർ ജേതാവായി. ഐ.സി.സി ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2023 പുരസ്കാരത്തിന് ഷിറാസ് സിതാര അർഹനായി.
ഖത്തറിൽ നിന്നുള്ള നൂറോളം ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെയൊപ്പം വിദ്യാർഥികളും അവരുടെ മികച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.സി കോഓഡിനേറ്റിങ് ഓഫിസറുമായ സച്ചിൻ ദിൻകർ ശങ്ക്പാൽ, ഖത്തർ ഫോട്ടോഗ്രഫി സെന്റർ സ്ഥാപകനും തലവനുമായ അബ്ദുള്ള അൽ മെസ്ലെ എന്നിവർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഫോട്ടോഗ്രഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
രണ്ടു ദിനങ്ങളിലായി നടന്ന ശിൽപശാലകളിൽ ഫോട്ടോഗ്രഫി രംഗത്തെ പ്രമുഖരായ ഡാനി ഈദ്, അബ്ദുല്ല അൽ മുഷൈഫിരി, പ്രിയാൻഷി ബച്ചാവത്ത് നഹാത, ഡയാന ഹദ്ദാദ്, ആരിഫ് അൽ അമ്മൻ എന്നിവർ വിവിധ സെഷനുകളിൽ പരിശീലനം നൽകി. നൂറിലേറെ ഫോട്ടോഗ്രാഫർമാരാണ് ഓരോ സെഷനിലും പങ്കെടുത്തത്.
നേച്ചർ ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ ഓസ്കർ എന്നറിയപ്പെടുന്ന, എൻ.എച്ച്.എം വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് നേടിയ ഫോട്ടോഗ്രാഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാലിനെ ഉപഹാരം നൽകി ആദരിച്ചു.
ഷെല സമറീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.