ന്യൂനപക്ഷ വർഗീയതയുടെ ഗുണഭോക്താക്കൾ സംഘ്പരിവാർ -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsദോഹ: ന്യൂനപക്ഷ സമുദായങ്ങളിൽ വർഗീയതയും വിഭാഗീയതയും വളർത്തി ഉയർന്നുവരുന്ന സംഘങ്ങളുടെ യഥാർത്ഥ ഗുണഭോക്താക്കൾ ബി.ജെ.പി ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകളാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഖത്തർ സന്ദർശനത്തിനിടെ ദോഹയിൽ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നതു പോലെ എക്കാലത്തും ന്യൂനപക്ഷ വർഗീയതയെയും ശക്തമായി എതിർത്ത പ്രസ്ഥാനമാണ് മുസ്‍ലിം ലീഗ്. തീവ്രവാദ നിലപാട് സ്വീകരിക്കുന്ന സംഘടനകളുമായോ വ്യക്തികളുമായോ ഒരു തരത്തിലുള്ള ഒത്തുതീർപ്പും ഇല്ലെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യം പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. സംഘ് പരിവാറിന്റെ ഭൂരിപക്ഷ വർഗീയതയെയും പോപുലർ ഫ്രണ്ട് പോലെയുള്ള സംഘടനകളുടെ ന്യൂനപക്ഷ വർഗീതയെയും ശക്തമായി എതിർക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗ്' -അദ്ദേഹം പറഞ്ഞു.
'ബാബരി മസ്ജിദ് തകർത്ത സംഭവത്തിനു ശേഷം, തീവ്ര പ്രചാരണങ്ങളുമായി ഒരുപാട് പാർട്ടികളും സംഘങ്ങളും ഉയർന്നുവന്നിരുന്നു. അവരൊക്കെ മാഞ്ഞുപോയെങ്കിലും, അതിന്റെ ഗുണഭോക്താക്കൾ എന്നും സംഘ് പരിവാറായിരുന്നു. ന്യൂനപക്ഷ വർഗീയതകളുമായി ഇനി ഏത് പേരിൽ സംഘടനകൾ ഉയർന്നുവന്നാലും അതിന്റെ ദുരിതം ന്യൂനപക്ഷ വിഭാഗങ്ങൾക്കും, ഗുണം ഭൂരിപക്ഷ വർഗീയ സംഘങ്ങൾക്കും ബി.ജെ.പിക്കുമെല്ലാമായിരിക്കും. ഇവരുടെ പ്രവർത്തനങ്ങൾകൊണ്ട് സമുദായത്തിനുണ്ടായ ഗുണങ്ങൾ ചൂണ്ടികാണിക്കാൻ കഴിയില്ല. അതേസമയം, മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ നാടിന്റെയും സമുദായത്തിന്റെയും വിദ്യഭ്യാസ, സാമുഹിക പുരോഗതികളിലേക്ക് ഉയർത്തിയെന്നത് ചൂണ്ടികാണിക്കാവുന്നതാണ് -പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്‌ലിം ലീഗ് അധികം വൈകാതെ ഇടതുപക്ഷത്തെത്തുമെന്ന മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പ്രസ്താവന സംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് മീറ്റ് ദി പ്രസിൽ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മതേതരത്വവും, അഖണ്ഡതയും ഉയർത്തിപ്പിടിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്രയാണ്. കേന്ദ്രത്തിൽ ബി.ജെ.പി ഭരണത്തിന്റെ അവധി അടുത്തുവരികയാണിപ്പോൾ. പ്രതിപക്ഷം എന്ന് ഒന്നായി ഇറങ്ങുന്നുവോ അതോടെ ബി.ജെ.പി ഭരണത്തിന് അവസാനമായി മാറും. മതേതര കക്ഷികളുടെ സഖ്യമെന്ന നിലയിൽ ബിഹാറിൽ കണ്ടത് മികച്ച ഉദാഹരണമാണ് -അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പിണറായി സർക്കാറിനെതിരെയും കുഞ്ഞാലികുട്ടി ആഞ്ഞടിച്ചു. കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കവുമില്ലാത്ത ഭരണമാണ് സംസ്ഥാനത്തെന്നും, വിവിധ വകുപ്പുകളുടെ പ്രവർത്തനം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ കെ.എം.സി.സിയുടെ ഡിജി പ്രിവിലേജ് കാർഡ് ഉദ്ഘാടനത്തിനായി ദോഹയിലെത്തിയതായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. മീറ്റ് ദി പ്രസിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി ഐ.എം.എ റഫീഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.