വർഷം മുഴുവൻ പച്ചക്കറിക്കായി ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കും
text_fieldsദോഹ: വർഷം മുഴുവൻ പച്ചക്കറി ഉൽപാദിപ്പിക്കാനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലുള്ള കാർഷിക ഗവേഷണ വകുപ്പ്. വർഷം മുഴുവൻ, പ്രത്യേകിച്ച് ശൈത്യകാലത്ത് പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അഞ്ചു മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സാകിത് അൽ ശമ്മാരി പറഞ്ഞു. ഇലയോടുകൂടിയുള്ള പച്ചക്കറി ഉൽപാദനത്തിനാകും ഇതിൽ മുൻതൂക്കം നൽകുക.
ഉയർന്ന ഗുണനിലവാരമുള്ള പച്ചക്കറികളുടെ സ്ഥിരതയാർന്ന ഉൽപാദനം ലക്ഷ്യമിട്ടാണ് പ്ലാന്റ് ഫാക്ടറി സ്ഥാപിക്കുന്നത്. വെളിച്ചം, താപനില, ഈർപ്പം, കാർബൺഡൈ ഓക്സൈഡ് സാന്ദ്രത, സംസ്കരണ പരിഹാരം എന്നിവ കൃത്രിമമായി നിയന്ത്രിച്ച് മികച്ച ഉൽപാദനം ആസൂത്രണം ചെയ്യാൻ കർഷകർക്ക് ഇതുവഴി കഴിയും. ഉയർന്ന താപനിലയും കടുത്ത വെയിലും അടക്കമുള്ള വെല്ലുവിളികൾ മറികടന്ന് സുസ്ഥിര കൃഷി പ്രായോഗികമാക്കുന്നതിന് സവിശേഷമായ ഹരിതഗൃഹങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ അൽ ശമ്മാരി പറഞ്ഞു.
കാർഷിക ഗവേഷണ വകുപ്പിൽ, ഏകദേശം മൂന്നു മീറ്റർ ഉയരമുള്ള ‘സോബ് അൽ ഖത്തരി’ എന്നുപേരിട്ട ഹരിതഗൃഹം ഉപയോഗിക്കുന്നുണ്ട്.
അന്താരാഷ്ട്ര കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഈ ഹരിതഗൃഹം വികസിപ്പിച്ചത്.
ജാപ്പനീസ് കാർഷിക വിദഗ്ധരുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഇത്തരം ഹരിതഗൃഹങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചിന്ത ഉടലെടുത്തത്. അമിത ചൂടിൽനിന്ന് ചെടികളെ സംരക്ഷിക്കുന്നതിനായി വായുപ്രവാഹം ഉപയോഗപ്പെടുത്തുന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാണിത്.
തക്കാളി, വെള്ളരി, വഴുതന തുടങ്ങിയവ ഉൽപാദിപ്പിച്ചുവെന്ന് അൽ ശമ്മാരി പറഞ്ഞു. ആടുകളിൽനിന്നുള്ള മാംസത്തിന്റെ ഗുണനിലവാരവും പാലിന്റെ അളവും വർധിപ്പിക്കുന്നതിന് കാലിത്തീറ്റ എത്തിക്കുന്നതിനായി വകുപ്പിന്റെ കന്നുകാലി ഗവേഷണകേന്ദ്രം രണ്ടു സുപ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.