പ്ലാസ്റ്റിക് പടിക്കുപുറത്ത്; ബദൽ ബാഗുകൾക്ക് സ്വീകാര്യത
text_fieldsദോഹ: ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ, ബദൽ മാർഗങ്ങൾ ജനപ്രിയമാവുന്നു. പരിസ്ഥിതി സൗഹൃദവും, വീണ്ടും ഉപയോഗിക്കാവുന്നതുമായ വിവിധ ബാഗുകളാണ് പകരമായി പൊതുജനങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്.
നെയ്തെടുത്ത ഫാബ്രിക് ബാഗുകൾ, പേപ്പർ ബാഗുകൾ, ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ, വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ എന്നിവക്കാണ് ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതിയാർജിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചതിന് പിറകെ കടലാസുകൾ, ചണം, കോട്ടൺ, ബയോ ഡീഗ്രേഡബിൾ വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന വിവിധ തരം പരിസ്ഥിതി സൗഹൃദ ബാഗുകളാണ് രാജ്യത്തെ പ്രധാന ഔട്ട്ലെറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളും പുറത്തിറക്കിയത്.
അതേസമയം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചതിന് പിന്നാലെ നാല് ബദൽ രീതികൾക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം ഈയിടെ അനുവാദം നൽകി. ജൂലൈ മൂന്നിന് രാജ്യം അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആചരിച്ചപ്പോൾ, പിന്തുണ നൽകിക്കൊണ്ട് വിവിധ വാണിജ്യ ഔട്ട്ലെറ്റുകൾ പുതിയ പരിസ്ഥിതി സൗഹൃദ ബാഗുകളും അവതരിപ്പിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണാർഥം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ബദൽ മാർഗങ്ങളെക്കുറിച്ച് ഷോപ്പിങ് കോംപ്ലക്സുകളും പ്രധാന ഔട്ട്ലെറ്റുകളും വിവിധ കാമ്പയിനുകളും സംഘടിപ്പിച്ചു വരുന്നുണ്ട്.
നെയ്തെടുത്ത ഫാബ്രിക് ബാഗുകൾ, പേപ്പർ ബാഗുകൾ, ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ, വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ എന്നിവയാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി മുനിസിപ്പാലിറ്റി മന്ത്രാലയം അനുവദിച്ച ഇതര മാർഗങ്ങൾ.
ഖത്തറിൽ സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവയിൽ എല്ലാത്തരം ഉൽപന്നങ്ങളുടെയും ചരക്കുകളുടെയും സംഭരണത്തിനും പാക്കിങ് വ്യാപാരത്തിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ മന്ത്രാലയം നിരോധിച്ചിരുന്നു.2023ലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം പ്ലാസ്റ്റിക് ബാഗുകളിൽ അവയുടെ ജൈവനാശം, പുനരുപയോഗക്ഷമത എന്നിവ സൂചിപ്പിക്കുന്ന കോഡ് ഉണ്ടായിരിക്കണം.
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തോടനുബന്ധിച്ച് ഈ തീരുമാനത്തിന്റെ വിശദാംശങ്ങൾ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം തടയുന്നതിന് മന്ത്രാലയം പരിശോധന ഉൾപ്പെടെയുള്ള കർശന നടപടികളാണ് തുടരുന്നത്.
പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന ഡിസ്പോസിബിൾ പ്ലാസ്റ്റിക് ബാഗുകളുടെ ദോഷഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ മൂന്നിന് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായി ആചരിച്ചു വരുന്നത്. ആഗോളാടിസ്ഥാനത്തിൽ വ്യക്തികൾക്കും കമ്യൂണിറ്റികൾക്കും ബിസിനസുകൾക്കും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുന്നതിനും കൂടുതൽ സുസ്ഥിരമായ ബദലുകൾ കണ്ടെത്തുന്നതിനുമുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.