റേഡിയേഷൻ ലെവൽ ഇവിടെ അറിയാം
text_fieldsദോഹ: പരിസ്ഥിതിക്കും മനുഷ്യനുൾപ്പെടെ ജീവജാലങ്ങൾക്കും ഹാനികരമാവുന്ന അൾട്രാ വയലറ്റ്, ഇൻഫ്രാറെഡ് ഉൾപ്പെടെ നോൺ അയണൈസ്ഡ് റേഡിയേഷൻ സാന്നിധ്യം പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന പ്ലാറ്റ്ഫോമുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. അയണൈസ് ചെയ്യാത്ത റേഡിയേഷന്റെ അന്തരീക്ഷത്തിലെ ആവൃത്തി തിരിച്ചറിയാവുന്ന പ്ലാറ്റ്ഫോം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ ഉദ്ഘാടനം നിർവഹിച്ചു.
വ്യത്യസ്ത നിറങ്ങളിലുള്ള ഗ്രാഫുകൾ വഴി റേഡിയേഷൻ അളവ് നിരീക്ഷിക്കാനും സൂചകങ്ങൾ തിരിച്ചറിയാനും കഴിയുന്ന തരത്തിൽ ലളിതവും എളുപ്പവുമായ കാഴ്ചയാണ് നോൺ അയണൈസിങ് റേഡിയേഷൻ ഇൻഡക്സ് ലെവൽ പ്ലാറ്റ്ഫോം നൽകുന്നത്. ഓരോ നിറവും റേഡിയേഷന്റെ തോതിനെ സൂചിപ്പിക്കും. വൈദ്യുതി ഉൽപാദനത്തിന്റെ ഭാഗമായി സ്ഥാപിച്ച നിർമിതികൾ, റേഡിയോ, ടെലിവിഷൻ, സെല്ലുലാർ ശൃംഖലകൾ എന്നിവയിൽ നിന്ന് പുറപ്പെടുന്ന വൈദ്യുതി കാന്തിക തരംഗങ്ങൾ എന്നിവ ഹാനികരമാവുന്നത് തടയുകയും, ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. മന്ത്രാലയത്തിന്റെ വെബ്സൈറ്റു വഴി തന്നെ പൊതുജനങ്ങൾക്ക് സേവനം ഉപയോഗപ്പെടുത്താം.
റേഡിയോ ആക്ടിവ് മലിനീകരണം നിരീക്ഷിക്കുന്നതിന് നോൺ-അയണൈസിങ് റേഡിയേഷൻ ഫ്രീക്വൻസി അനാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്നതായി മന്ത്രാലയത്തിലെ പരിസ്ഥിതി വകുപ്പ് അസി.അണ്ടർ സെക്രട്ടറി അബ്ദുൽ ഹാദി നാസർ അൽ മർറി പറഞ്ഞു. അയണൈസ് ചെയ്യാത്ത വികിരണത്തെക്കുറിച്ചും ദീർഘകാലാടിസ്ഥാനത്തിൽ അതിന്റെ ഫലങ്ങളെക്കുറിച്ചും പഠിക്കാൻ സഹായിക്കുന്ന സംയോജിത ഡേറ്റാബേസ് രൂപവത്കരിക്കാൻ യൂനിറ്റ് നിർണായകമായതായി അദ്ദേഹം പറഞ്ഞു. അയണൈസ് ചെയ്യാത്ത വികിരണം നിരീക്ഷിക്കാനുള്ള ദേശീയ പദ്ധതി ഗൾഫ് മേഖലയിലും മിഡിലീസ്റ്റിലും ആദ്യമാണ്. 60 സ്ഥിരം സ്റ്റേഷനുകളിലൂടെയും 12 പോർട്ടബിൾ ഉപകരണങ്ങളിലൂടെയും തൽക്ഷണം തുടർച്ചയായി റേഡിയേഷൻ ലെവലുകളെക്കുറിച്ചുള്ള ഉയർന്ന കൃത്യതയുള്ള വിവരങ്ങൾ ലഭിക്കുന്നതിനാൽ, വൈദ്യുതി കാന്തിക വികിരണം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആഗോളാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഇതെന്നും അബ്ദുൽ അസീസ് അബ്ദുൽ ജബ്ബാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.