ഫലസ്തീനുവേണ്ടി പന്തുതട്ടുന്നു
text_fieldsദോഹ: ലോകകപ്പിലെ സുന്ദരമായ ഒരുപിടി മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വീണ്ടുമൊരു ഫുട്ബാൾ പോരാട്ടത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നു. ഡിസംബർ 15ന് വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതു വരെ നീണ്ടുനിൽക്കുന്ന ഈ ഫുട്ബാൾവിരുന്നിന് സവിശേഷതകൾ ഏറെയാണ്. പന്തു തട്ടുന്നത് മുൻ താരങ്ങളും നിലവിലെ കളിക്കാരും ഉൾപ്പെടെ താരങ്ങൾ.
ഖത്തറും ഫലസ്തീനുമായി രണ്ടു ഭാഗങ്ങളിലായി അവർ അണിനിരക്കുമ്പോൾ, ഗാലറി സാക്ഷ്യംവഹിക്കുന്നത് ഗസ്സയിലേക്കുള്ള കാരുണ്യപ്പെയ്ത്തിനായിരിക്കും. ഖത്തർ ഫൗണ്ടേഷനു കീഴിലെ ഖത്തർ അക്കാദമി ദോഹ നേതൃത്വത്തിൽ ഗസ്സയിലേക്കുള്ള ദുരിതാശ്വാസങ്ങൾക്കുള്ള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബാൾ മേളക്ക് അങ്ങനെ വിശേഷങ്ങൾ ഏറെയുണ്ട്. ‘സ്റ്റാൻഡ് വിത്ത് ഫലസ്തീൻ’ എന്ന പ്രമേയത്തിലാണ് ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ വമ്പൻ സൗഹൃദമത്സരം സംഘടിപ്പിക്കുന്നത്. അൽ മയാസ ബിൻത് തമിം ആൽഥാനി, മർയം അഹമ്മദ് അൽ ഹജ്രി, നായിഫ് റാഷിദ് അൽ ഖുബൈസി, മഹ്ദി ഹുസൈൻ അൽ അഹ്ബാബി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘാടനം.
40,000ത്തോളം കാണികൾക്ക് ഇരിപ്പിടസൗകര്യമുള്ള സ്റ്റേഡിയത്തിൽ 25 റിയാൽ ടിക്കറ്റ് നിരക്കിലാണ് പ്രവേശനം ഏർപ്പെടുത്തുന്നത്. ക്യൂ ടിക്കറ്റ് വഴിയുള്ള ടിക്കറ്റ് വിൽപനയുടെ വരുമാനം ഗസ്സയിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി നീക്കിവെക്കും. എ.എഫ്.സി പരിശീലനം ലഭിച്ച ദോഹ അക്കാദമിയിൽനിന്നുള്ള 100ലേറെ വിദ്യാർഥികൾ വളന്റിയർമാരായി സേവനത്തിനുണ്ടാവും.
ഏഴു മണിക്കാണ് സൗഹൃദ ഫുട്ബാളിന് കിക്കോഫ് കുറിക്കുന്നത്. 30 മിനിറ്റ് വീതമുള്ള രണ്ടു പകുതികളിലായാവും മത്സരം. ഇതിനു പുറമെ, വിവിധ കലാ, സാംസ്കാരിക പരിപാടികൾക്കും സ്റ്റേഡിയം സാക്ഷ്യം വഹിക്കും. നാസർ അൽ ഖുബൈസി, ദന അൽ മീർ, നസ്മ ഇമാദ്, ഹല അൽ ഇമാദി എന്നിവരുടെ നേതൃത്വത്തിൽ ഫലസ്തീന് ഐക്യദാർഢ്യമർപ്പിക്കുന്ന ഗാനങ്ങളുമായാവും സംഗീതപരിപാടി ഒരുക്കുന്നത്.
മുൻകാല ഖത്തർ ദേശീയ താരങ്ങൾ, അന്താരാഷ്ട്ര താരങ്ങൾ, മാധ്യമപ്രവർത്തകർ, സോഷ്യൽ മീഡിയ താരങ്ങൾ, ദോഹ അക്കാദമി വിദ്യാർഥികൾ, ഫലസ്തീൻ സ്കൂൾ വിദ്യാർഥികൾ എന്നിവർ ടീമുകളിലായി അണിനിരക്കും. മുൻ ഈജിപ്ഷ്യൻ താരം മുഹമ്മദ് അബുത്രിക, ഒമാൻ ഗോൾകീപ്പർ അലി അൽ ഹബ്സി എന്നിവർ കളിക്കാനെത്തുമെന്ന് സംഘാടകർ അറിയിച്ചു. ഇവർക്കുപുറമെ മേഖലയിലെ ഒരുപിടി താരങ്ങളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.