വെബ് സമ്മിറ്റ് ഖത്തറിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി
text_fieldsദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വെബ് സമ്മിറ്റ് സന്ദർശിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഇന്നവേഷൻ അവസരങ്ങൾ പരസ്പരം കൂടിക്കാഴ്ചകൾ നടത്തുന്ന വേദിയാണ് വെബ് സമ്മിറ്റ് ഖത്തറെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ഖത്തറിന്റെ ചെറിയ വലുപ്പത്തിനും രാജ്യത്തിന്റെ ആഗോള സ്വാധീനത്തിനും ഇടയിൽ ഒരു സമാന്തരരേഖ വരച്ച് വെബ് ഉച്ചകോടി ഖത്തറിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. വെബ് സമ്മിറ്റ് ഖത്തറിന്റെ രണ്ടാം പതിപ്പ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ പോലുള്ള ഒരു ചെറിയ രാഷ്ട്രമായിരിക്കുകയെന്നത് ഈ ഡിജിറ്റൽ യുഗത്തിൽ ഒരു സ്റ്റാർട്ടപ്പായിരിക്കുന്നതിന് സമാനമാണെന്നും അവിടെ മികച്ച ആശയമുള്ള സംരംഭകന് ലോകത്തെ മാറ്റിമറിക്കാൻ സാധിക്കുമെന്നും സി.ഇ.ഒമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തിത്വങ്ങൾ, സംരംഭകർ തുടങ്ങി സമ്മിറ്റിനെത്തിയ വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിലും പിന്തുണക്കുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അത് ഖത്തറിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്ഫോമായ സ്റ്റാർട്ടപ് ഖത്തർ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ധനസഹായവും അവസരങ്ങളും വാഗ്ദാനം ചെയ്യുന്നെന്നും കഴിഞ്ഞ വർഷം മാത്രം 60 രാജ്യങ്ങളിൽനിന്നുള്ള കമ്പനികളുടെ 2000 അപേക്ഷകളാണ് ഇതിലേക്ക് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ് ഇക്കോസിസ്റ്റം സൂചികയിൽ ഖത്തർ 11 റാങ്ക് മുന്നേറി കുതിപ്പ് നടത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
നേരത്തേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വെബ് സമ്മിറ്റ് സന്ദർശിച്ചു. ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ കമ്പനികളുടെ പവിലിയനുകളിലൂടെ പര്യടനം നടത്തി. ഡിജിറ്റൽ കോമേഴ്സ്, നിർമിതബുദ്ധി ആപ്ലിക്കേഷൻസ്, ഈ മേഖലകളിലെ പൊതു, സ്വകാര്യ സംരംഭങ്ങൾ എന്നിവ സംബന്ധിച്ച പ്രസന്റേഷനും അമീർ വീക്ഷിച്ചു. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച ഉച്ചകോടി ബുധനാഴ്ച വരെ നീളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.