സൗഹൃദം ശക്തമാക്കി ഇന്ത്യയും ഖത്തറും
text_fieldsദോഹ: ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദത്തിൽ പുതിയ അധ്യായം ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. എട്ടുവർഷത്തെ ഇടവേളക്കുശേഷം ഖത്തറിലേക്കുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര, വാണിജ്യ, നിക്ഷേപ, നയതന്ത്ര സൗഹൃദത്തെ കൂടുതൽ ദൃഢമാക്കുന്നതായി. യു.എ.ഇയിൽ രണ്ടു ദിവസസന്ദർശനം പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച രാത്രി 9.30ഓടെയാണ് പ്രധാനമന്ത്രി ദോഹയിലെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെ ഇന്ത്യയിലേക്കു മടങ്ങിയ അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരുമായി കൂടി ക്കാഴ്ച നടത്തുകയും, ഖത്തറിലെ ബിസിനസുകാരും കമ്യൂണിറ്റി നേതാക്കളും ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തെ കാണുകയും ചെയ്തു.
നേരത്തേ നിശ്ചയിച്ച യു.എ.ഇ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾക്കിടെ അപ്രതീക്ഷിതമായിരുന്നു ഖത്തറിലേക്കുള്ള യാത്രയുടെ പ്രഖ്യാപനം. ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികർ തിങ്കളാഴ്ച പുലർച്ചെ ന്യൂഡൽഹിയിൽ തിരിച്ചെത്തിയതിനു പിറകെയായിരുന്നു അന്നേ ദിവസം വൈകീട്ടോടെ വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ സന്ദർശനം പ്രഖ്യാപിക്കുന്നത്. നാവികരുടെ മോചനത്തിൽ ഖത്തർ അമീറിന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും നന്ദി അറിയിച്ചിരുന്നു.
ബുധനാഴ്ച രാത്രി ദോഹയിലെത്തിയ ശേഷം പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദവും, ഊർജ, വാണിജ്യ, നിക്ഷേപ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താനുള്ള പദ്ധതികളും ചർച്ച ചെയ്തു. തുടർന്ന് ഹോട്ടലിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിവാദ്യം ചെയ്തായിരുന്നു പ്രധാനമന്ത്രി ആദ്യ ദിവസം പൂർത്തിയാക്കിയത്.
വ്യാഴാഴ്ച രാവിലെ അമീറിെൻറ ഔദ്യോഗിക വരവേൽപും കൂടിക്കാഴ്ചയും കഴിഞ്ഞ് ഉച്ചവിരുന്നിൽ പങ്കെടുത്തുകൊണ്ട് മടങ്ങുകയും ചെയ്തു.
ഹമദ് വിമാനത്താവളത്തിൽ യാത്രയയക്കാൻ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ ജാബിർ അൽ ജാബിർ, ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവരുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.