പാരമ്പര്യവും മഹിമയും കൈകോർത്തു; പോഡാർ പേൾ സ്കൂളിൽ ഇനി ‘പേസി’ന്റെ ശിക്ഷണം
text_fieldsദോഹ: ഐ.ഐ.ടി, മെഡിക്കൽ പ്രവേശന പരീക്ഷാപരിശീലനത്തിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ പേസിനൊപ്പം ചേർന്ന് സ്കൂളിൽ നടപ്പാക്കുന്ന സമഗ്ര പരിശീലനപദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസത്തിനൊപ്പം മത്സരപരീക്ഷകൾക്കുള്ള പരിശീലനവും ചേർന്ന സംയോജിത പദ്ധതിയാണ് ഇതുവഴി യാഥാർഥ്യമാകുന്നത്. മത്സരപരീക്ഷകളിൽ കാൽനൂറ്റാണ്ടായി വിജയത്തിലേക്ക് വഴികാട്ടുന്ന പേസിന്റെ പാരമ്പര്യവും വിദ്യാഭ്യാസ മേഖലയിലെ പോഡാർ പേൾ സ്കൂളിന്റെ മഹിമയും ഒരു കുടക്കീഴിൽ വിദ്യാർഥികൾക്കുവേണ്ടി സമന്വയിക്കുന്നു. പേസിന്റെ പ്രഗത്ഭരായ അധ്യാപകരുടെ മാർഗനിർദേശങ്ങളും ശിക്ഷണവും ലഭിക്കുന്ന പോഡാറിലെ വിദ്യാർഥികൾക്ക് ഭാവിയിൽ മത്സരപരീക്ഷകളിൽ മിന്നുന്ന വിജയം സ്വായത്തമാക്കാനുള്ള മിടുക്കും പ്രാപ്തിയും അതുവഴി ആർജിച്ചെടുക്കാനാവും. പോഡാറുമായി ദശാബ്ദം നീണ്ട ബന്ധം പുലർത്തുന്ന പേസിന്റെ പാരമ്പര്യം ഒടുവിൽ ദോഹയിലെ പോഡാർ പേസ് സ്കൂളിലേക്കും എത്തുകയാണ്.
ജെ.ഇ.ഇ, നീറ്റ് പരീക്ഷകളിലും ഒട്ടേറെ രാജ്യാന്തര ഒളിമ്പ്യാഡുകളിലും ഉയർന്ന വിജയം കരഗതമാക്കാൻ സഹായിക്കുന്ന പ്രശസ്ത സ്ഥാപനമാണ് പേസ് ഐ.ഐ.ടി ആൻഡ് മെഡിക്കൽ. ഇന്ത്യയിലുടനീളം പേസിന് 54 സെന്ററുകളുണ്ട്. ഡൽഹി ഐ.ഐ.ടിയനായ പ്രവീൺ ത്യാഗിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പേസിന് ഡോക്ടർമാരും ഐ.ഐ.ടിയന്മാരുമായി 450ലേറെ പേരടങ്ങുന്ന ഫാക്കൽറ്റി സംഘമാണുള്ളത്. ദോഹയിലെ സമാനമനസ്കരും അർപ്പണബോധമുള്ളവരുമായ വിദ്യാഭ്യാസ വിദഗ്ധർ സ്ഥാപിച്ച പോഡാർ പേൾ സ്കൂൾ, ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രീമിയം എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷനാണ്.
പേസ് ഐ.ഐ.ടി ആൻഡ് മെഡിക്കൽ ഇനി പോഡാർ പേൾ സ്കൂളിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഐ.ഐ.ടി ജെ.ഇ.ഇ, നീറ്റ് അടക്കമുള്ള മത്സരപരീക്ഷകളിൽ പരിശീലനം നൽകും. ഒപ്പം, എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മത്സരപരീക്ഷകൾക്കുള്ള ‘ഫൗണ്ടേഷൻ ബിൽഡർ പ്രോഗ്രാ’മും ഒരുക്കും. പേസിലെ അധ്യാപകർ പോഡാർ പേൾ സ്കൂളിലെത്തിയാകും പരിശീലനം നൽകുക. സി.ബി.എസ്.ഇയുടെ കോംപിറ്റൻസി ബേസ്ഡ് എജുക്കേഷൻ (സി.ബി.ഇ) അടിസ്ഥാനമാക്കി വിദ്യാർഥികളുടെ പഠന ഫലങ്ങളുടെ പ്രദർശനങ്ങളുടെ ചുവടുപിടിച്ചാണ് പേസിന്റെ ശിക്ഷണരീതി. അർഥവത്തും പോസിറ്റിവായതുമായ പഠനാനുഭവം വിദ്യാർഥികൾക്ക് പകർന്നുനൽകാനും അതുവഴി മത്സരപരീക്ഷകളിൽ അവർക്ക് മുൻതൂക്കം നേടാനും ഇത് സഹായകമാകുന്നു. പതിറ്റാണ്ടായി വിജയകരമായി മുന്നേറുന്ന ‘സ്റ്റെപ്പപ്’, പരിശീലനം രസകരമായെടുക്കാൻ വിദ്യാർഥികളെ തുണക്കും.
മത്സരപരീക്ഷകളുടെ സമ്പൂർണ സിലബസിനൊപ്പം ബോർഡ് പരീക്ഷക്കും വിദ്യാർഥികളെ പിന്തുണക്കുകയെന്നതിനെ അടിസ്ഥാനമാക്കിയാണ് ഐ.ഐ.ടി ജെ.ഇ.ഇ പരിശീലനപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയുടെ ആശയങ്ങൾ ആഴത്തിൽ പഠനവിധേയമാക്കുന്ന തരത്തിലാണ് ഫൗണ്ടേഷൻ ബിൽഡർ പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്. മാനസികമായുള്ള കഴിവ് വർധിപ്പിക്കുന്നതിനൊപ്പം ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികൾക്ക് കരുത്തുറ്റ അടിത്തറയൊരുക്കാനും ഈ പരിശീലനപദ്ധതി സഹായിക്കുന്നു. സ്കൂൾ പരീക്ഷകൾക്കും മത്സരപരീക്ഷകൾക്കും മികവു കാട്ടുന്നതിലേക്ക് അത് നയിക്കുകയും ചെയ്യുന്നു. ‘ഗുണപരമായ വിദ്യാഭ്യാസത്തിന് അതിരുകളില്ല. ഈ സംയോജിത പരിശീലന പദ്ധതിയിലൂടെ ഓരോ വിദ്യാർഥിയുടെ മനസ്സിലും വിജയതൃഷ്ണ ആളിക്കത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതുവഴി ഐ.ഐ.ടി ജെ.ഇ.ഇ, മെഡിക്കൽ പരീക്ഷകൾക്ക് ഒരുങ്ങാനും പൂർണമായ കഴിവ് പുറത്തെടുക്കാനും അവരെ സഹായിക്കുകയും ചെയ്യുന്നു’ -പ്രവീൺ ത്യാഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.