യു.എസിലെ രാഷ്ട്രീയമാറ്റം; ഉപരോധം നീങ്ങൽ പ്രതീക്ഷ പുലരുമോ?
text_fieldsദോഹ: ഖത്തറിനെതിരായി തുടരുന്ന ഉപരോധം നീങ്ങുമെന്ന പ്രതീക്ഷ പുലരുമോ? അമേരിക്കൻ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനും കമല ഹാരിസും വിജയിച്ച പശ്ചാത്തലത്തിലാണ് ഈ ചോദ്യമുയരുന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമേരിക്കയിലെ രാഷ്ട്രീയ ബഹളങ്ങൾക്കിടയിൽ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഗൾഫടക്കമുള്ള വിദേശരാജ്യങ്ങളിൽ വെള്ളിയാഴ്ച മുതൽ സന്ദർശനം നടത്തുന്നുണ്ട്. ഏഴ് രാഷ്ട്രങ്ങളിലേക്കുള്ള സന്ദർശനത്തിൽ അദ്ദേഹം ഖത്തറിലുമെത്തും. യു.എ.ഇ, സൗദി അറേബ്യ, ഫ്രാൻസ്, തുർക്കി, േജാർജിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തും. വരുന്ന വെള്ളിയാഴ്ച അദ്ദേഹം അമേരിക്കയിൽനിന്ന് പുറെപ്പടും. നവംബർ 13 മുതൽ 23 വരെയാണ് ഏഴ് രാഷ്ട്ര സന്ദർശനം.
ഓരോ രാഷ്ട്രങ്ങളിലും നടത്തുന്ന ചർച്ചകൾ തീർച്ചയായും വ്യത്യസ്തമായിരിക്കും. എന്നാൽ, മിഡിൽ ഈസ്റ്റിൽ ആകമാനം സമാധാനം ശക്തിപ്പെടുത്തുകയും പരസ്പര ഐക്യവും സഹകരണവും ഉണ്ടാക്കുകയുമാണ് പരമമായ ലക്ഷ്യമെന്നും പോംപിയോ യു.എസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാരിസിൽനിന്നാണ് സന്ദർശത്തിന് തുടക്കമിടുക. അവിടെ ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണുമായി ചർച്ച നടത്തും. ശേഷം അദ്ദേഹം തുർക്കിയിലേക്ക് പോകും. ഇസ്തംബൂളിൽ ബർതൊലോമി ഒന്ന് കോൺസ്റ്റാൻറിനോപ്പിൾ എക്യുമെനിക്കൽ പാട്രിയാർക്കുമായി കൂടിക്കാഴ്ച നടത്തും. തുർക്കിയിലെയും മേഖലയിലെയും മതപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യും. ലോകത്താകമാനം മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശക്തമായ നിലപാട് അറിയിക്കും.
യൂറോപ്പ് യാത്രയുടെ അവസാനം ജോർജിയയിലാണ്. േജാർജിയൻ പ്രസിഡൻറ്, പ്രധാനമന്ത്രി വിദേശകാര്യമന്ത്രി എന്നിവരുമായി മൈക്ക് പോംപിയോ ചർച്ച നടത്തും. രാജ്യത്തിെൻറ അതിർത്തികളും പരമാധികാരവും സംരക്ഷിക്കാനുള്ള ജോർജിയയുടെ അവകാശത്തെ അമേരിക്ക പിന്തുണക്കും. ജനാധിപത്യ മാറ്റങ്ങൾക്ക് പിന്തുണ നൽകും. ജോർജിയൻ ഓർത്തഡോക്സ് ചർച്ച് പാർട്രിയാർക്കിനെയും കാണും. ശേഷം ഇസ്രായേലിലേക്ക് പോകുന്ന പോംപിയോ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. കഴിഞ്ഞ ആഗസ്റ്റ് 13ന് നിലവിൽ വന്ന ഇസ്രായേൽ, യു.എ.ഇ, യു.എസ് സംയുക്ത പ്രഖ്യാപനമായ 'അബ്രഹാം അക്കോർഡ്' സംബന്ധിച്ചായിരിക്കും നെതന്യാഹുവുമായി ചർച്ച നടത്തുക. ഇറാനുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമാകും. ശേഷം യു.എ.ഇയിലേക്ക് തിരിക്കുന്ന പോംപിയോ അബൂദബി കിരീടാവകാശി മുഹമ്മദ് ബിൻ സെയ്ദുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാസഹകരണവും മേഖലയിലെ മറ്റു പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യുക. ശേഷം പോംപിയോ ഖത്തറിലെത്തും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തും. അവസാനമായി പോംപിയോ സൗദി അറേബ്യയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും.
പോംപിയോയുടെ സന്ദർശനം: ഗൾഫ് ഐക്യം ചർച്ചയാകും
2017 ജൂണിൽ ആണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയത്. യു.എസിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടിയിൽ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെള്ളിയാഴ്ച മുതൽ നടത്തുന്ന വിദേശസന്ദർശനങ്ങളുടെ ഭാഗമായി ഖത്തർ, യു.എ.ഇ, സൗദി രാജ്യങ്ങളിലുമെത്തുന്നുണ്ട്. ഉഭയകക്ഷി സഹകരണം, മേഖലയിലെ മറ്റ് വിഷയങ്ങൾ, ഗൾഫ്ഐക്യത്തിെൻറ പ്രാധാന്യം എന്നിവയാണ് ഗൾഫ്രാജ്യങ്ങളിലെ ഉന്നതകൂടിക്കാഴ്ചകളിൽ വിഷയമാകുകയെന്ന് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തകുറിപ്പിൽ പറയുന്നുണ്ട്. ഉപരോധരാജ്യങ്ങൾ അടച്ച കരജലവ്യോമ അതിർത്തികൾ ഖത്തറിനായി തുറന്നുകിട്ടുന്നത് കാണാൻ ആകാംക്ഷയോടെ അമേരിക്കൻ സർക്കാർ കാത്തിരിക്കുകയാണെന്ന് മൈക്ക് പോംപിയോ അടുത്തിടെ പറഞ്ഞിരുന്നു. വാഷിങ്ടണിൽ നടന്ന മൂന്നാമത് ഖത്തർ അമേരിക്ക തന്ത്രപ്രധാനമായ ചർച്ചയിലാണിത്. ഖത്തറിനെതിരായ ഉപരോധവും ഗൾഫ് പ്രതിസന്ധിയും പരിഹരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രശ്നത്തിന് പരിഹാരം കാണാനുള്ള സമയം ഏറെ ൈവകിയിട്ടുണ്ട്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി അമേരിക്ക വീക്ഷിക്കുകയാണെന്നും പോംപിയോ പറഞ്ഞിരുന്നു.
ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പരിപാടിയിൽ സംസാരിച്ചിരുന്നു. ഖത്തറിെൻറ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിച്ചുകൊണ്ടുള്ള പ്രശ്നപരിഹാരചർച്ചകൾക്ക് എന്നും തയാറാണെന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മൂന്നു വർഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം ഉടൻ അവസാനിച്ചേക്കുമെന്ന് മിഡിൽ ഈസ്റ്റിെൻറ കാര്യങ്ങൾക്കായുള്ള യു.എസ് ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെൻകറും അടുത്തിടെ പറഞ്ഞിരുന്നു. ഉപരോധത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും എന്നാൽ, പരിഹാരചർച്ചകളിൽ നിർണായകമായ ചുവടുവെപ്പുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചർച്ചകളിൽ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നൽകുന്നുണ്ട്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുൾപ്പെടുന്ന ഉയർന്ന തലത്തിലേക്ക് ചർച്ചകൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പലവഴികൾ ഇതിനായി തേടുന്നുവെന്നും അമേരിക്കൻ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി തിമോത്തി ലാൻഡർകിങ്ങും പറഞ്ഞിരുന്നു. ഇടക്കാല അനുരഞ്ജന പ്രമേയമടക്കമാണ് ഇതിനായി പരിഗണിക്കുന്നത്. ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സ്ഥിര പ്രമേയം കൊണ്ടു വരുന്നതിന് മുമ്പായി താൽക്കാലിക പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കാനാണ് അമേരിക്ക താൽപര്യപ്പെടുന്നതെന്നും അദ്ദേഹം 'പെനിൻസുല' പത്രത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ഖത്തറിനെയും സൗദി അറേബ്യയെയും ഒപ്പമിരുത്തി, അല്ലെങ്കിൽ ഖത്തർ, സൗദി, യു.എ.ഇ എന്നിവരെ ഒരുമിച്ചിരുത്തിയും സാധ്യമാകുന്ന വഴികളെല്ലാം തേടുകയാണെന്നുമാണ് അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.