കോവിഡ് പോരാളികൾക്ക് ആദരവായി തപാൽ സ്റ്റാമ്പ്
text_fieldsദോഹ: കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവായി തപാൽ സ്റ്റാമ്പ്. പുറത്തിറക്കി ഖത്തർ പോസ്റ്റൽ സർവിസ് കമ്പനിയായ ക്യൂ പോസ്റ്റ്. കോവിഡ് വ്യാപനത്തിനിടയിൽ സ്വജീവൻ അർപ്പിച്ചും വെല്ലുവിളി ഏറ്റെടുത്തും കഠിനാധ്വാനം ചെയ്ത ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, പൊലീസ്-സൈനിക വിഭാഗങ്ങൾ, തപാൽ ജീവനക്കാർ എന്നിവർക്ക് ആദരവായാണ് ഖത്തർ പോസ്റ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്.
ഏഴു റിയാൽ വിലയുള്ള രണ്ടു സെറ്റ് സ്റ്റാമ്പാണ് തയാറാക്കിയത്. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, സൈനിക-പൊലീസ് വിഭാഗങ്ങൾ തുടങ്ങി കോവിഡിനെതിരായ പോരാട്ടത്തിൽ വിവിധ മേഖലകളിൽ നേതൃത്വം നൽകിയവരെ പ്രതിനിധാനംചെയ്യുന്ന ചിത്രങ്ങൾ പതിപ്പിച്ചാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. 3.50റിയാൽ വിലയുള്ള രണ്ട് സ്റ്റാമ്പുകൾ ചേർന്നാണ് ഒരു സെറ്റ്.
ഇതിനുപുറമെ, കോവിഡ് പോരാളികൾക്ക് ആദരമായി എൻവലപ്പും പുറത്തിറക്കി. ആദ്യദിനത്തിൽ എട്ടുറിയാൽ ഈടാക്കി വിൽപന നടത്തിയ എൻവലപ്പ് പൊതുജനങ്ങൾക്ക് 70 റിയാലിനാണ് വിൽക്കുക. 10,000 സ്റ്റാമ്പും, 1000 എൻവലപ്പുമാണ് പുറത്തിറക്കിയത്. ഖത്തർ പോസ്റ്റിന്റെ രാജ്യത്തെ എല്ലാ ബ്രാഞ്ചുകൾ വഴിയും സ്റ്റാമ്പും എൻവലപ്പും വാങ്ങാവുന്നതാണ്.
രാജ്യത്തിന്റെ ചരിത്രനിമിഷങ്ങൾ തപാൽമുദ്രകളിൽ പതിപ്പിച്ച് പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് കോവിഡ് മുന്നണി പോരാളികൾക്ക് പരിഗണന നൽകി സ്റ്റാമ്പിറക്കുന്നത്.
ലോകചരിത്രത്തിൽ തന്നെ അതിഭീകരമായ കാലമായി അടയാളപ്പെടുത്തപ്പെട്ട കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ ധീരന്മാർക്കുള്ള ആദരവായി പുറത്തിറക്കിയ തപാൽ മുദ്രകൾ സ്വന്തമാക്കാൻ ലോകമെങ്ങുമുള്ള തപാൽ സ്റ്റാമ്പ് ശേഖരണക്കാരെയും മറ്റും ഖത്തർ പോസ്റ്റ് സ്വാഗതം ചെയ്തു. വർഷാവസാനം നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഭാഗമായി ഫിഫയുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ തപാൽ സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് പുറത്തിറക്കുന്നുണ്ട്. ലോകകപ്പ് മുദ്രകളും ഖത്തറിന്റെ പാരമ്പര്യവും സ്റ്റേഡിയങ്ങളും ഫുട്ബാളും ഉൾപ്പെടെ വൈവിധ്യമാർന്ന നിമിഷങ്ങൾ അടയാളപ്പെടുത്തുന്നതാണ് ഈ വിഭാഗത്തിലെ സ്റ്റാമ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.